ഇടുക്കി: പാചകവാതകത്തിന്‍റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രാജകുമാരി രാജാക്കാട് മേഖലയില്‍ അഞ്ച് കിലോഗ്രാമിന്‍റെ പാചകവാതക സിലിണ്ടറുകൾ വിൽപ്പന ആരംഭിച്ചു. അപ്പു എന്ന് പേരിട്ടിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ രേഖകൾ ഒന്നുമില്ലാതെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ജനങ്ങൾക്ക് വാങ്ങാന്‍ സാധിക്കും. പുകജന്യമായ ഗ്രാമം സൃഷ്ടിക്കുക, പുകജന്യ രോഗങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുക, വിറകിന്റെ ഉപയോഗം കുറക്കുന്നതിലൂടെ വനം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അഞ്ച് കിലോഗ്രാമിന്‍റെ പാചകവാതക സിലിണ്ടറുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ദേവമാതാ ഏജൻസി രാജകുമാരി, അന്നാ ഏജൻസി മുക്കുടിൽ എന്നിവരുടെ നേതൃത്വത്തിലാണ് പാചകവാതകം വിപണിയിൽ എത്തിക്കുന്നത്.
സൂപ്പർമാർക്കറ്റുകൾ, പലചരക്ക് സ്ഥാപങ്ങൾ, പെട്രോൾ ബങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സിലിണ്ടറുകൾ ലഭ്യമാകും. രേഖകൾ ഒന്നുമില്ലാതെ പാചകവാതകം വാങ്ങുവാനും റീഫിൽ ചെയ്യുവാനും സാധിക്കും. രാജകുമാരിയിലും രാജാക്കാടും നടന്ന വിതരണ ഉദ്ഘാടനം ഹിന്ദുസ്ഥാൻ പെട്രോളിയം സെയിൽസ് ഓഫീസർ ധീരജ് മുരളി നിർവഹിച്ചു.