ഇടുക്കി: ഏറെ നാളുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ റബ്ബര്‍ ഷീറ്റിന് മികച്ച വില കിട്ടി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് റബര്‍ കര്‍ഷകര്‍. വില 160തിലേക്കെത്തിയത് കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഷീറ്റിന് ഇനിയും വില വര്‍ധിച്ചേക്കാമെന്ന പ്രതീക്ഷ ടാപ്പിങ് നടത്താതെ കിടന്നിരുന്ന പല തോട്ടങ്ങളിലും ആളനക്കമുണ്ടാക്കിയിട്ടുണ്ട്. കുരുമുളക് ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വിലയിടിവ് നേരിടുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം റബര്‍ വിലയില്‍ ഉണ്ടായിട്ടുള്ള നേരിയ വര്‍ധനവ് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
250ന് അടുത്തുണ്ടായിരുന്ന റബര്‍ വില നൂറിന് താഴേക്ക് പോയതോടെ ഹൈറേഞ്ച് മേഖലയില്‍ റബ്ബര്‍ കൃഷിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലായിരുന്നു. പല തോട്ടങ്ങളിലും ടാപ്പിങ് നിര്‍ത്തി വച്ചു. ചിലര്‍ കുരുമുളകുള്‍പ്പെടെയുള്ള ഇടവിളകള്‍ പരീക്ഷിച്ചപ്പോള്‍ റബ്ബര്‍കൃഷി തന്നെ പാടെ ഒഴിവാക്കിയ കര്‍ഷകരും ധാരാളമുണ്ട്. എന്നാല്‍ വില പതിയെ ഉയരുന്നത് കാര്യങ്ങള്‍ക്ക് മാറ്റം കൊണ്ടുവരുന്നുണ്ട്. ഇറക്കുമതി കുറഞ്ഞ നിലവിലെ സാഹചര്യത്തില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്ന പ്രതീക്ഷ റബ്ബര്‍ കര്‍ഷകര്‍ പങ്ക് വയ്ക്കുന്നു. അതേസമയം റബ്ബറിന് താങ്ങ് വില നിശ്ചിച്ചിട്ടുണ്ടെങ്കിലും ഏല്ലാ കര്‍ഷകര്‍ക്കും ഇതിന്‍റെ പ്രയോജനം പൂര്‍ണ തോതില്‍ ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്.