ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ നടത്തിയ നിരാഹാര സമരം അവസാനിച്ചു. ഭൂപ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പതിനേഴാം തീയതിയാണ് സർവ്വകക്ഷി യോഗം. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധനവുമായി ബന്ധപ്പെട്ട ഓഗസ്റ്റ് 22ലെ ഉത്തരവ് പൂർണമായി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേത്യത്വത്തിൽ കട്ടപ്പനയിൽ നിരാഹാര സമരം നടത്തിയത് .
നാടിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് നിരാഹാര സമരം അവസാനിച്ചുകൊണ്ട് റോഷി അഗസ്റ്റിൻ എംഎല്‍എ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിസംബർ 17 ന് തിരുവനന്തപുരത്താണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ഇടുക്കിയിലെ വിവിധ കക്ഷി നേതാക്കൾ പങ്കെടുക്കും.