ഇടുക്കി: ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനെതിരെ ആരോപണവുമായി പെരുംകാല നിവാസികൾ.2014-ൽ പെരുംകാല നിവാസികൾക്ക് റോഡ് നിർമിക്കാൻ 50 ലക്ഷം രൂപ വാഗ്ദാനം നൽകിയ എംഎൽഎ പിന്നീട് ഇതുവഴി വന്നിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പൈനാപ്പിൽ നിന്നും 56 കോളനി വഴി പെരുങ്കാലയിലേക്കുള്ള റോഡാണ് ടാർ ചെയ്യാതെ കിടക്കുന്നത്.
56 കോളനി പാലം വരെ റോഡ് ടാർ ചെയ്തിട്ടുണ്ട്. പെരുകാലയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയിലേക്ക് എത്തുവാൻ കേവലം രണ്ട് കിലോമീറ്റർ ദൂരം മാത്രമാണ് ഇനി ടാർ ചെയ്യാനുള്ളത്. റോഡ് ടാർ ചെയ്യുന്നതിന് വേണ്ടി എംഎൽഎ ആറുവർഷം മുമ്പ് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. മുക്കണ്ണൻ കുട്ടി ചെക്ക് ഡാം നിർമാണ ഉദ്ഘാടന വേളയിലാണ് എംഎൽഎ ഈ വാഗ്ദാനം നൽകിയത്. വരുന്ന ബഡ്ജറ്റിൽ ഈ റോഡിനുവേണ്ടി തുക വകയിരുത്തും എന്നായിരുന്നു എംഎൽഎയുടെ വാഗ്ദാനം. എന്നാൽ ആറു വർഷത്തിനു ശേഷവും റോഡ് തകർന്നു തന്നെ കിടക്കുന്ന അവസ്ഥയിലാണ്. ഈ റോഡിന് വേണ്ടി ഫണ്ട് അനുവദിക്കാൻ എംഎൽഎ ഇതുവരെ തയ്യാറായില്ല എന്ന് പ്രദേശവാസികൾ പറയുന്നു.