ഇടുക്കി: ജില്ലയില്‍ ഇരുചക്രവാഹനത്തിലെത്തിയ മോഷ്‌ടാക്കള്‍ വയോധികയുടെ മാല പൊട്ടിച്ചു. റോഡിലൂടെ നടന്നു വരികയായിരുന്ന മന്നാങ്കാല സ്വദേശി കണ്ണികാട്ടേല്‍ ലളിത കൃഷ്‌ണന്‍കുട്ടിയുടെ (62) നാല് പവന്‍റെ മാലയാണ് മോഷ്‌ടിക്കപ്പെട്ടത്. സംഭവത്തിന് ശേഷം മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു. അടിമാലി മന്നാങ്കാലായില്‍ ആണ് സംഭവം നടന്നത്. സംഭവ സമയത്ത് റോഡില്‍ മറ്റ് യാത്രക്കാരാരും ഉണ്ടായിരുന്നില്ല.
വീട്ടിലേക്ക് പുല്ല് ചുമന്ന് കൊണ്ടു വരുന്നതിനിടയില്‍ ബൈക്കിലെത്തിയവര്‍ കഴുത്തില്‍ നിന്നും മാലപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ലളിത പറഞ്ഞു. മാലപൊട്ടിച്ച ഉടനെ ലളിത ബഹളം വച്ച് ഒരല്‍പ്പ ദൂരം പിറകെ ഓടിയെങ്കിലും മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ലളിത വീട്ടിലെത്തി വിവരം പറയുകയും അടിമാലി പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. പ്രതികളുടേതെന്ന് കരുതുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.