ഇടുക്കി: കട്ടപ്പനയില്‍ റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അമ്പലകവല- മേട്ടുകുഴി റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. എട്ടുവര്‍ഷത്തോളമായി റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടന്നിട്ട്. റോഡ് നന്നാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മേട്ടുകുഴി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്.
കട്ടപ്പന ടൗണിൽ നിന്നും വണ്ടൻമേട് വഴി കുമളിയിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് യാത്ര ചെയ്യാൻ പറ്റുന്ന റോഡാണിത്. തേക്കടി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പോകുന്ന യാത്രക്കാരും സമയലാഭത്തിനുവേണ്ടി ആശ്രയിക്കുന്നത് ഈ റോഡാണ്. ടാറുകൾ പൊളിഞ്ഞതും, റോഡിന്‍റെ ഇരുവശങ്ങളില്‍ കുഴികൾ രൂപപ്പെട്ടതും ഈ റൂട്ടിലെ ബസ് സർവീസുകളെ ബാധിച്ചു. മെയ് 31-നകം റോഡ് സഞ്ചാരയോഗ്യമാക്കി ഇല്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.