ഇടുക്കി: കൊവിഡ് കാലത്ത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി വളങ്ങളുടെയും കീടനാശിനികളുടെയും വില വര്‍ധനവ്. വേപ്പിന്‍ പിണ്ണാക്കിനും എല്ലുപൊടിക്കും തുടങ്ങി തുരിശിനും ഇതര കീടനാശിനികള്‍ക്കുമെല്ലാം വില വര്‍ധിച്ചു.ലോക്ക് ഡൗണും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവും സമ്മാനിച്ച സാമ്പത്തിക മാന്ദ്യത്തിന് പുറമെ വളങ്ങളുടെ വില വര്‍ധനവ് കര്‍ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
ഏലത്തിന്‍റെ വിലയിടിവടക്കമുള്ള വിവിധ കാരണങ്ങളാല്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കൊവിഡും ലോക്ക് ഡൗണും കൂടിയായതോടെ കാര്യങ്ങള്‍ പിന്നെയും സങ്കീര്‍ണ്ണമായി.
also read: ലോക്ക്ഡൗണിൽ വിപണിയില്ല, വിലയുമില്ല; കർഷകർ ദുരിതത്തിൽ
ഇതിനിടയിലാണ് കര്‍ഷകര്‍ക്ക് അധിക ബാധ്യത വരുത്തി വളങ്ങളുടെയും കീടനാശിനികളുടെയും വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.വേപ്പിന്‍ പിണ്ണാക്കിനും എല്ലുപൊടിക്കും തുടങ്ങി തുരിശിനും ജൈവ വളങ്ങള്‍ക്കും അടക്കം വില വര്‍ധിച്ചു. വില വര്‍ധനവ് സാമ്പത്തിക ബാധ്യത വരുത്തുന്നതായി കര്‍ഷകര്‍ പറയുന്നു.
അമ്പത് കിലോ പൊട്ടാഷിന് നൂറു രൂപയുടെ വര്‍ധനവ് ഉണ്ടായി. വേപ്പിന്‍ പിണ്ണാക്കിനും എല്ലുപൊടിക്കും നാല്‍പ്പത് മുതല്‍ അമ്പതു രൂപ വരെ വില വര്‍ധിച്ചു. തുരിശിന് നൂറ് രൂപയുടെ വില വര്‍ധനവുണ്ട്. പല കീടനാശിനികള്‍ക്കും നിലവിലെ വിലയുടെ 25 ശതമാനത്തോളം അധിക വില വര്‍ധനവ് ഉണ്ടായതായും കര്‍ഷകര്‍ പറയുന്നു.
ഏലക്കായുടെ വില ഇടിവിനൊപ്പം ഇത്തവണത്തെ അധിക മഴ റബ്ബറിന്‍റെയും കൊക്കോയുടെയും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടെങ്കിലും കുരുമുളക് ചെടികളിലെ രോഗബാധ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഇത്തരം വെല്ലുവിളികള്‍ക്ക് പുറമെയാണ് കര്‍ഷകന് അധിക ബാധ്യത വരുത്തി വളങ്ങളുടെയും കീടനാശിനികളുടെയും വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.