ഇടുക്കി: ഏതാനും ദിവസങ്ങളായി തുടരുന്ന മഴയും ശക്തമായ കാറ്റും മലയോര മേഖലയെ ഭീതിയിലാക്കിരിക്കുകയാണ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ മുതലാണ് മഴ ശക്‌തി പ്രാപിച്ചത്. പുഴകളിലെ നീരൊഴുക്ക് വര്‍ധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്.
തോരാതെ മഴ പെയ്യുന്നതിനാൽ കല്ലാര്‍കൂട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ താഴ്ത്തിയിട്ടില്ല. ഇതോടൊപ്പം കുണ്ടള അണക്കെട്ടിന്‍റെ ഷട്ടറും തുറന്നു. കുണ്ടളയില്‍ നിന്നും തുറന്ന് വിടുന്ന വെള്ളം മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് എത്തുന്നത്. മഴ ശക്തമായി തുടര്‍ന്നാല്‍ മാട്ടുപ്പെട്ടിയും തുറക്കേണ്ടിവരും. പൊന്മുടി, ചെങ്കുളം, കല്ലാര്‍ തുടങ്ങിയ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാര്‍, ദേവികുളം, ഗ്യാപ് റോഡ്, പന്നിയാര്‍കൂട്ടി അടക്കമുള്ള മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അടിമാലി പൂപ്പാറ സംസ്ഥന പാതയിൽ പന്നിയാർ കൂട്ടിക്ക് സമീപം റോഡിന് വിള്ളൽ രൂപപ്പെട്ടു. 2018ൽ വലിയ മണ്ണിടിച്ചിൽ ദുരന്തമുണ്ടായതിന് സമീപത്തായാണ് വിള്ളൽ രൂപപ്പെട്ടത്.