ഇടുക്കി: ശാന്തന്‍പാറയ്‌ക്ക് സമീപമുള്ള രാജപ്പാറമേട് ഐതിഹ്യപ്പെരുമയുടെയും കാഴ്‌ചയുടെയും വിളനിലമാവുന്നു. തമിഴ്‌നാട്ടിലെ തൊണ്ടാമാന്‍ രാജവംശത്തിലെ ഒരു രാജാവ് ഈ മലമടക്കുകളില്‍ കുറേക്കാലം ഒളിവില്‍ പാര്‍ത്തതായാണ് ഇവിടത്തെ ഐതിഹ്യം.
ഐതിഹ്യം
പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും താല്‍ക്കാലിക രക്ഷക്കായാണ് ഇവിടെയെത്തിയത്. വാസസ്ഥാനത്തിന് ചുറ്റും മണ്‍കോട്ട തീര്‍ത്തും ഒരു വംശത്തിന്‍റെ മുഴുവന്‍ സമ്പത്ത് വന്‍മലയുടെ ചെരിവില്‍ പാറയില്‍ തീര്‍ത്ത അറയില്‍ കാത്തുവച്ചുമാണ് രാജാവ് ഇവിടെ കഴിഞ്ഞത്. കല്ലുകൊണ്ട് നിർമിച്ച വാതിൽ തുറക്കാൻ ചങ്ങലയും സ്‌ഥാപിച്ചതിന് ശേഷം സമീപത്തുള്ള തടാകത്തിൽ ചങ്ങലയുടെ മറു അറ്റം ഒളിപ്പിച്ചു. ഈ ചങ്ങല വലിച്ചാൽ മലയുടെ കതക് തുറക്കുമെന്നും എന്നാൽ ഇന്ന് വരെ അതിനാർക്കും സാധിച്ചിട്ടില്ലെന്നുമാണ് വിശ്വാസം.
സഞ്ചാരപാത
മൂന്നാര്‍, തേക്കടി സംസ്ഥാന പാതയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം ഏലക്കാട്ടിലൂടെ സഞ്ചരിച്ചാല്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മനോഹരമായ കാഴ്‌ചകൾ നിറഞ്ഞ രാജാപ്പാറയില്‍ എത്താം. മുകളിൽ പഴയൊരു ചെക്ക്‌പോസ്‌റ്റിന്‍റെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടമുണ്ട്. ബോഡിമെട്ട് റോഡ് വരുന്നതിന് മുമ്പ് തമിഴ്‌നാട് കേരള വാണിജ്യ ബന്ധങ്ങള്‍ നടന്നിരുന്നത് ഇതുവഴിയാണ്.
ഇവിടെ നിന്ന് തമിഴ്‌നാട്ടിലെ തേവാരത്തേക്ക് ഒരു കാട്ടുപാത ഇറങ്ങിപ്പോകുന്നു. 18 കല്‍പ്പടവുകള്‍ ഇറങ്ങിവേണം തമിഴ്‌നാട്ടിലെത്താന്‍. അതിനാല്‍ പതിനെട്ടാം പടിമെട്ട് എന്നും ഇവിടം അറിയപ്പെടുന്നു. ഇതു തുടങ്ങുന്നിടത്ത് മേല്‍ക്കൂരയില്ലാത്ത ഒട്ടക്കോവില്‍ എന്ന ക്ഷേത്രവും കാണുന്നതിന് സാധിക്കും. കെട്ടി ഉയര്‍ത്തിയ തറയില്‍ രണ്ട് ശിലാ വിഗ്രഹങ്ങൾ മാത്രമുള്ളതാണ് ഒട്ടക്കോവില്‍ ക്ഷേത്രം.
നോക്കി നില്‍ക്കവെ തന്നെ കാഴ്‌ചകള്‍ മറക്കുന്ന മഞ്ഞും രാജാപ്പാറയുടെ പ്രത്യേകതയാണ്. തല ഉയര്‍ത്തി നില്‍ക്കുന്ന കതകുപലക മേടിന് മുകളിലേക്ക് കയറുക അത്ര എളുപ്പമല്ല. എന്നാല്‍ സാഹസികത ഇഷ്‌ടപ്പെടുന്ന വിനോദ സഞ്ചാരികളെ ഹരം കൊള്ളിക്കുന്ന ഇടമാണന്നതില്‍ സംശയമില്ല. പാറയുടെ കുത്തനെയുള്ള വശത്ത് കുറിയ വരകളും അടയാളപ്പെടുത്തലുകളും കാണാം. ഇവിടെ എവിടെയോയാണ് തൊണ്ടമാന്‍റെ നിധിയെന്നാണ് വിശ്വാസം.
മലയിറങ്ങി മത്തായിയുടെ കുടുംബം; ഇപ്പോൾ ഉടമസ്ഥർ എറണാകുളം നിവാസികൾ
പാലാക്കാരന്‍ മത്തായിയും കുടുംബവുമാണ് വർഷങ്ങളായി ഇവിടെ കഴിഞ്ഞു വന്നിരുന്നത്. തൊണ്ടമാന്‍റെ മണ്‍കോട്ടക്ക് ഉള്ളിലുണ്ടായിരുന്ന 27 ഏക്കറില്‍ 25ഉം മത്തായിയുടെ കൈവശമാണ് ഉണ്ടായിരുന്നത്. കാലിവളർത്തലും കൃഷിയുമായി കഴിഞ്ഞിരുന്ന മത്തായും കുടുംബവും തൊണ്ടമാന്‍റെ കൊട്ടാരം മറ്റാർക്കോ വിറ്റു മലയിറങ്ങി.
എറണാകുളം നിവാസികളുടെ കൈയ്യിലാണ് ഇന്ന് ഈ കൊട്ടാരവും സ്ഥലവും. പഴയ കൊട്ടാരത്തിന്‍റെ പുനർനിർമാണ ജോലികൾ നടന്നു വരികയാണ്. കല്ലുകൊണ്ട് ഭിത്തി കെട്ടിയ വീടും അതിന് ചുറ്റും മണ്‍കോട്ടയുടെ അവശേഷിപ്പും കിടങ്ങുകള്‍ ഉണ്ടായിരുന്നതിന്‍റെ സൂചനയും ഭൂതകാലത്തില്‍ നിന്നുള്ള ചില വിളിച്ചു പറയലുകളുമാണ്. ഒരുപക്ഷേ തമിഴ്‌നാട്ടിലെ കൊടും ചൂടില്‍ നിന്ന് ആശ്വാസം തേടി ഇടവേളകളില്‍ രാജാവ് ഇവിടെ താമസത്തിന് എത്തിയിരുന്നതുമാകാം. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തോടു ചേര്‍ന്നാണ് രാജാപ്പാറമേട് സ്‌ഥിതിചെയ്യുന്നത്. ഇതിനു സമീപത്താണ് ചതുരംഗപാറമെട്ടും. അസുലഭ അനുഭൂതിയാണ് പ്രക്യതിയുടെ വശ്യ സൗന്ദര്യത്തിലൂടെ ഇവിടെ നിന്നും ലഭിക്കുന്നത്.
READ MORE: ഇടുക്കിയിൽ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങൾ നാശത്തിന്‍റെ വക്കിൽ; കണ്ട ഭാവം നടിക്കാതെ വകുപ്പുകൾ