ഇടുക്കി : രാജമലയിലെ വിദ്യാർഥികൾക്ക് ഇനി സ്വന്തം വീട്ടിൽ ഇരുന്ന് ഓൺലൈൻ ക്ലാസുകളില്‍ പങ്കെടുക്കാം. രാജമലയിലെ ബിഎസ്എൻഎൽ മൊബൈൽ ടവർ 3ജി ആയി ഉയർത്തിയതോടെയാണ് പ്രതികൂല കാലാവസ്ഥയില്‍ കിലോമീറ്ററുകള്‍ താണ്ടി ഓണ്‍ലൈന്‍ പഠനം നടത്തേണ്ടിവന്ന ദുരിതത്തിന് അറുതിയായത്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പ്രദേശത്തെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇനി മുതൽ മഞ്ഞും മഴയും നനയാതെ കാട്ടുപാതകൾ തണ്ടാതെ സ്വന്തം വീട്ടിൽ ഇരുന്ന് പഠിക്കാനാകും.
കാട്ടുപാതയിലൂടെ ദിവസേന ആറ് കിലോമീറ്റർ സഞ്ചരിച്ച് മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാകുന്ന സ്ഥലത്ത് പ്രതികൂല കാലാവസ്ഥയിൽ പഠനം നടത്തേണ്ടി വന്ന വിദ്യാർഥികളുടെ ദുരവസ്ഥ ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടം ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ രാജമലയിലെ ബിഎസ്എൻഎൽ മൊബൈൽ ടവർ 3ജി ആയി ഉയര്‍ത്തുകയുമായിരുന്നു.
READ MORE: രാജമല ഇന്നും 'പരിധിക്ക് പുറത്ത്' ; ഓൺലൈൻ പഠനം പ്രതിസന്ധിയിൽ
വീട്ടിനുള്ളില്‍ 3ജി നെറ്റ്‌വർക്ക് ലഭ്യമായതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.മക്കള്‍ പഠിക്കാന്‍ ദൂരെ പോയി മടങ്ങിയെത്തുന്നത് വരെ ആശങ്കയോടെ കാത്തിരുന്ന രക്ഷിതാക്കള്‍ ഏറെ ആശ്വാസത്തിലാണ്. രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയിലും 3ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.