ഇടുക്കി: കാൽനൂറ്റാണ്ടിലധികം പഴക്കമുള്ള രാജകുമാരി കുടിവെള്ള പദ്ധതിയുടെ പെെപ്പുകൾ കാലഹരണപ്പെട്ട് പല സ്ഥലത്തും വെള്ളം പാഴാകുന്നതിനാൽ നാട്ടുകാർക്ക് കുടിവെള്ളം ലഭിക്കുന്നത് വല്ലപ്പോഴും മാത്രം. പെെപ്പ്‍ പൊട്ടി വെള്ളമൊഴുകി നാട്ടുകാരുടെ കൃഷിയിടങ്ങള്‍ വെള്ളക്കെട്ടുകളാകുകയും രാജാക്കാട്-പൂപ്പാറ റോഡ് പല ഭാഗത്തും തകരുകയും ചെയ്‌തിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ജില്ലയില്‍ നിന്നുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും രാജകുമാരി ശുദ്ധജല പദ്ധതി നവീകരിക്കുന്നതിന് ഇതുവരെ തയാറായിട്ടില്ല.
സേനാപതി, രാജകുമാരി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഇല്ലിപ്പാലത്തിന് സമീപം പന്നിയാർ പുഴയിൽ നിന്നാണ് കുടിവെള്ള പദ്ധതിക്കായി രണ്ട് മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത്. മുരിക്കുംതൊട്ടിയിലെയും കുരുവിളാസിറ്റിയിലെയും സഹായ സംഭരണികളിൽ എത്തിക്കുന്ന വെള്ളം സ്വാഭാവിക ഒഴുക്കിലൂടെയാണ് പെെപ്പുകൾ വഴി രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. മുൻപ് ഈ കുടിവെള്ള വിതരണ പദ്ധതിയിൽ 250 ഗാർഹിക ഉപഭോക്താക്കളും 140 പൊതു ടാപ്പുകളും ഉണ്ടായിരുന്നു.
കൂടുതൽ സമയവും വെള്ളം കിട്ടാതായതോടെ ഗാർഹിക ഉപഭോക്താക്കൾ പലരും കണക്ഷൻ ഉപേക്ഷിച്ചു. പൊതുടാപ്പുകളിൽ പലതും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. നിലവില്‍ ജല ജീവന്‍ പദ്ധതി പ്രകാരം 460 കണക്ഷനുകള്‍ കൂടി അധികം നല്‍കിയിട്ടുണ്ട്.
വേനല്‍കാലത്ത് സ്വകാര്യ വ്യക്തികൾ പൊതുടാപ്പുകളിൽ നിന്ന് വെള്ളം ഹോസ് ഉപയോഗിച്ച് കൃഷി സ്ഥലങ്ങൾ നനയ്ക്കാൻ കൊണ്ടുപോകുന്നതും പതിവാണ്. രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനം വരെ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുന്ന പദ്ധതിയാണ് ഇത്. പക്ഷെ പെെപ്പുകൾ പല സ്ഥലത്തും പൊട്ടി തകർന്നതിനാൽ ഇപ്പോൾ വെള്ളം രാജാക്കാട് വരെ എത്തുന്നില്ല.
വേനലില്‍ ആനയിറങ്കൽ അണക്കെട്ട് തുറന്നു വിടുന്നതിനാൽ പന്നിയാർ പുഴ ജലസമൃദ്ധമാണ്. കാലഹരണപ്പെട്ട പെെപ്പുകൾ മാറ്റി അനധികൃത ജലമൂറ്റ് തടഞ്ഞാൽ വേനൽക്കാലത്ത് രണ്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയും.
രാജകുമാരി ശുദ്ധജല പദ്ധതിയുടെ പുനരുദ്ധാരണത്തിനു വേണ്ടി കിഫ്ബിയുടെ സഹായത്തോടെ ഒരു കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും നടപടികൾ ഉടനാരംഭിക്കുമെന്നും ജലവിഭവ വകുപ്പ് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പദ്ധതി നടപ്പായാൽ കാലഹരണപ്പെട്ട പെെപ്പുകൾ മാറ്റി സ്ഥാപിക്കുമെന്നാണ് അധികൃതരുടെ വാദം.