ഇടുക്കി: രാജാക്കാട്ടില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി രാജാക്കാട് ഗ്രാമ പഞ്ചായത്ത്. ഫയര്‍ സ്റ്റേഷന്‍ എന്ന പഞ്ചായത്തിന്‍റെ ആവശ്യം മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്തിന്‍റെ കാര്യക്ഷമമായ ഇടപെടല്‍. രാജാക്കാട് മേഖലയിൽ ഒരു ഫയർ സ്റ്റേഷൻ വേണ്ടതിന്‍റെ ആവശ്യകത കഴിഞ്ഞ ദിവസം ഇടിവി റിപ്പോർട്ട് ചെയ്‌തിരുന്നു. വാർത്ത വന്ന് ദിവസങ്ങൾക്കകം മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നൽകുകയായിരുന്നു.
കാട്ടുതീയിലും, വെള്ളക്കെട്ടിലും ഒഴുക്കിലും പെട്ടുള്ള നിരവധി അപകടങ്ങൾ സ്ഥിരം ഉണ്ടാകുന്ന രാജാക്കാട്ടിലും, സമീപ പഞ്ചായത്തുകള്‍ക്കും സേവനമെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ രാജാക്കാട് കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണമെന്നാവശ്യം കാലങ്ങളായി ഉയരുന്നതാണ്. തുടര്‍ന്നാണ് പഞ്ചായത്ത് ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഫയര്‍ സ്റ്റേഷന് തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്‌തു. ഭരണാനുമതിയും മറ്റ് അംഗീകാരങ്ങളും ലഭിച്ചാല്‍ ഉടന്‍ തന്നെ ഫയർ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് വാടക കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കുകയും ചെയ്‌തിട്ടുണ്ട്.