ഇടുക്കി: കാവല്‍മാടം പദ്ധതിക്ക് അടിമാലി ചിന്നപ്പാറക്കുടിയില്‍ തുടക്കമായി. റാഗി കൃഷിയെ പരിപോഷിപ്പിക്കാനും ആദിവാസി സമൂഹത്തിന്‍റെ തനതായ ഭക്ഷണ രീതി തിരികെ കൊണ്ടുവരുവാനും ലക്ഷ്യമിട്ട് ജനമൈത്രി എക്‌സൈസിന്‍റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി.പ്രദീപ് നിര്‍വഹിച്ചു. കോളനിയിലെ പത്ത് ഏക്കറോളം വരുന്ന ഭൂമിയിലാണ് റാഗി കൃഷിയിറക്കുന്നത്.
പച്ചമുട്ടി, അരുവിനഗി, പെരിയ തൊങ്കല്‍ തുടങ്ങി റാഗിയുടെ 11 ഇനങ്ങളാണ് ചിന്നപ്പാറയില്‍ കൃഷി ചെയ്യുന്നത്. കോളനിയിലെ 20 കുടുംബങ്ങളുടെ സഹകരണത്തോടെ 10 ഏക്കര്‍ സ്ഥലത്താണ് റാഗി വിതക്കുക. വനംവകുപ്പ്, ട്രൈബല്‍, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ട്. ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ സുനില്‍രാജ്, ചിന്നപ്പാറക്കുടി ഊരുമൂപ്പന്‍ രാജ്‌മണി തുടങ്ങിയവര്‍ വിത്തിറക്കലിന് നേതൃത്വം നല്‍കി.