ഇടുക്കി: സമ്മിശ്ര കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് രാജാക്കാട് സ്വദേശി കണ്ടമംഗലത്ത് രാധ. ഒന്നരയേക്കര്‍ സ്ഥലത്ത് വാഴകൃഷിക്കൊപ്പം വിവിധ ഇടവിളകളും കൃഷി ചെയ്‌താണ് ഈ വീട്ടമ്മ മികച്ച ലാഭം കൊയ്യുന്നത്. കുടിയേറ്റ കാര്‍ഷിക കുടുംബത്തിലെ അംഗമായ രാധ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഭര്‍ത്താവ് കൃഷ്‌ണനൊപ്പം കാര്‍ഷിക രംഗത്ത് സജീവമാണ്. നിലവില്‍ പയര്‍, ബീന്‍സ്, കൂര്‍ക്ക, കുറ്റി ബീന്‍സ്, തക്കാളി, പച്ചമുളക് തുടങ്ങിയവ വാഴയ്ക്ക് ഇടവിളയായി കൃഷി ചെയ്യുന്നു. ഇവയില്‍ നിന്നും നല്ല വിളവ് ലഭിക്കുന്നതിനാല്‍ കൃഷി പരിപാലനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്ന് രാധ പറയുന്നു.
ഇവകൂടാതെ പാവലും മധുരക്കിഴങ്ങും കപ്പയും കൃഷി ചെയ്യുന്നുണ്ട്. സമ്മിശ്ര കൃഷിയുടെ പരിപാലനത്തിനാവശ്യമായ നിര്‍ദേശങ്ങളുമായി കുടുംബാംഗങ്ങൾക്കൊപ്പം രാജാക്കാട് കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരായ അരീഷും സംഘവും ഒപ്പമുണ്ട്. എല്ലാ ആഴ്ചയിലും ഇവര്‍ കൃഷിയിടം സന്ദർശിച്ച് നിർദേശങ്ങൾ നൽകുന്നു. സ്‌ത്രീകൾ അടുക്കളയില്‍ അരങ്ങത്തേയ്ക്ക് എത്തുമ്പോള്‍ കാര്‍ഷിക മേഖലയിലും പങ്കാളിത്വം ഉറപ്പാക്കണമെന്ന സന്ദേശമാണ് രാധ തന്‍റെ സമ്മിശ്ര കൃഷിയിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്.