ഇടുക്കി: കൊവിഡില്‍ നിന്നും മുക്തമായ ഇടുക്കിയെ ഗ്രീന്‍ സോണിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രബല്യത്തില്‍ വരും. ഇതിനുമുന്നോടിയായി ഇന്നത്തെ ദിവസം പൊതുശുചീകരണത്തിനായി മാറ്റിവെച്ചു. പൊതുസ്ഥലങ്ങള്‍, ടൗണുകള്‍ എന്നിവിടങ്ങള്‍ ഫയർഫോഴ്സും വ്യാപാര സ്ഥാപനങ്ങൾ അവയുടെ ഉടമകളും ശുചീകരിക്കും.
നാളെ മുതല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം. എന്നാല്‍ നഗരത്തിലേക്ക് ഇറങ്ങുമ്പോള്‍ ജനങ്ങള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം, സാമൂഹിക അകലവും പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവക്ക് ഇളവുകളില്ല. വിവാഹം, മരണം എന്നീ ചടങ്ങുകളില്‍ ഇരുപത് പേര്‍ക്ക് പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മാറ്റമില്ലാതെ തുടരും.
ജില്ലയിലെ ഹോട് സ്പോടുകളായ തൊടുപുഴ മുൻസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി എന്നിവിടങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ബാധകമല്ലെന്ന് ജില്ലാ കലക്ടർ എച്ച്.ദിനേശൻ അറിയിച്ചു. ഇടുക്കി സാധാരണ നിലയിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത് വലിയ പ്രതീക്ഷയാണ് തോട്ടം മേഖലക്ക് നല്‍കുന്നത്.