ഇടുക്കി : പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ നിർമാണം തുടങ്ങുന്ന ടാര്‍ മിക്‌സിങ് യൂണിറ്റിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. യൂണിറ്റിന്‍റെ പ്രവര്‍ത്തനം പ്രദേശത്ത് പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സമീപവാസികളുടെ ആക്ഷേപം. ആനച്ചാല്‍ കുഞ്ചിത്തണ്ണി റോഡിനോട് ചേര്‍ന്ന ഭാഗത്താണ് യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജനവാസമേഖലയോട് ചേര്‍ന്നാണ് മിക്‌സിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് നിയമ ലംഘനമാണെന്നും പ്രദേശവാസികള്‍ വാദിക്കുന്നു. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതായും പരാതിക്കാര്‍ പറയുന്നു.
നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ ടാര്‍ മിക്‌സിങ് യൂണിനുള്ളില്‍ പരിശോധന നടത്തി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് വേണ്ടുന്ന ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്നും ലൈസന്‍സ് ലഭിക്കുന്നതിനായി ഹാജരാക്കിയ രേഖകള്‍ പഞ്ചായത്ത് പരിശോധിച്ച് വരികയാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ മിക്‌സിങ് യൂണിറ്റില്‍ പരിശോധനക്കെത്തിയതെന്നും എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പരിശോധന പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നും പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീ ഭായ് കൃഷ്ണന്‍ അറിയിച്ചു.
യൂണിറ്റിന് ലൈസന്‍സ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമീപവാസികളായ കുടുംബങ്ങള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിനും രൂപം നല്‍കിയിട്ടുണ്ട്. ആവശ്യമുന്നയിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.