ഇടുക്കി: സംസ്ഥാന സർക്കാർ ചിന്നക്കനാലിൽ ആരംഭിക്കുന്ന ആന പാർക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജനവാസമേഖലയെ ഒഴിവാക്കി പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിന്നക്കനാൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
കാട്ടാനകൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ചിന്നക്കനാൽ വനമേഖല ഉൾപ്പെടുത്തി ആന പാർക്ക് സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പാർക്കിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ആറ് കിലോമീറ്റർ പ്രദേശം ഏറ്റെടുത്ത് മതികെട്ടാൻ ദേശീയോദ്യാനവുമായി ബന്ധപ്പെടുത്തിയാണ് പാർക്ക് ഒരുക്കുന്നത്. ഏറ്റെടുക്കുന്ന പ്രദേശം ജനവാസ മേഖലയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു വില്ലേജ് ഓഫീസ് ഉപരോധം. ദേവികുളം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഡി.കുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്‌തു.