ഇടുക്കി: പ്രകൃതി സൗന്ദര്യത്താൽ മനോഹരമായ ജില്ലയാണ് ഇടുക്കി. ഇടുക്കിയിലെ ഏത് പ്രദേശത്ത് ചെന്നാലും കാണാൻ സാധിക്കുന്ന ഒരു കാഴ്ചയാണ് ജീപ്പുകള്‍. ജീപ്പുകള്‍ ഉണ്ടെങ്കിൽ മാത്രമേ ഈ മലയോര നാടിന്‍റെ പാതകൾ പൂർണമാകൂ. ചിലപ്പോഴൊക്കെ ആംബുലന്‍സ്, അല്ലെങ്കില്‍ ചരക്ക് നീക്കാനുള്ള വാഹനം, യാത്രാ വാഹനം, നാട് കാണാന്‍ എത്തുന്നവരുമൊത്ത് ഒരു ഓഫ് റോഡ് ഡ്രൈവ് അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് ജീപ്പിന്.
കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള രാമക്കല്‍മേട്ടില്‍ മാത്രം വിനോദ സഞ്ചാരികളെ കാത്ത് കിടക്കുന്നത് 70 ജീപ്പുകളാണ്. ആനച്ചാലിലും കൊളുക്കുമലയിലും സത്രത്തിലും മറയൂരിലും എല്ലാം വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് നിരവധി ജീപ്പുകളാണുള്ളത്. നെടുങ്കണ്ടത്തും തൂക്കുപാലത്തും ബാലന്‍പിള്ളസിറ്റിയിലും കൂട്ടാറിലും തുടങ്ങി ഹൈറേഞ്ചിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും സമാന്തര സര്‍വ്വീസുകള്‍ നടത്തുന്ന നിരവധി ജീപ്പുകളുമുണ്ട്. ഹൈറേഞ്ചിലെ ജന ജീവിതം ഇത്രയേറെ ഇടപഴകയിരിക്കുന്ന മറ്റൊരു വാഹനം വേറെയില്ല. ഒപ്പം ഒരുപാട് കുടുംബങ്ങളുടെ ഉപജീവന മാർഗം കൂടിയാണിവ.
കൊവിഡ് നല്‍കിയ പ്രതിസന്ധിയില്‍ നിന്ന് പതിയെ കരകയറി തുടങ്ങിയപ്പോഴാണ് ജീപ്പുകളെ ആശ്രയിച്ച് ജീവിക്കുന്നവരിലേക്ക് അടുത്ത വെല്ലുവിളിയെത്തുന്നത്. വാഹനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ജീപ്പ് ഡ്രൈവർമാർ. ഈ നിയമം ജീപ്പുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഹൈറേഞ്ച്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ പൊളിക്കേണ്ടി വന്നാൽ ഹൈറേഞ്ചിലെ ഭൂരിഭാഗം ജീപ്പുകളും സര്‍വ്വീസ് അവസാനിപ്പിക്കേണ്ടി വരും. ഇതോടെ ആയിരകണക്കിന് കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതാകുന്നത്. മലയോര നാടിന്‍റെ ഭൂപ്രകൃതിയുമായി ഇത്രയേറെ ഇണങ്ങിയ മറ്റൊരു വാഹനമില്ലെന്നതാണ് വസ്തുത. നിലവില്‍ ഉപയോഗിക്കുന്ന ജീപ്പുകള്‍ പൊളിക്കാന്‍ കൊടുത്താല്‍ നാമമാത്ര തുക മാത്രമായിരിക്കും ഉടമസ്ഥന് ലഭിക്കുക. മറ്റൊരു വാഹനം വാങ്ങണമെങ്കിലോ വലിയൊരു തുക വായ്പയായി കണ്ടെത്തുകയും വേണം. എങ്കിലും ജീപ്പ് പോലെ ഉപയോഗപ്രദം ആകുകയുമില്ല.
ജീപ്പ് എന്നാൽ വെറുമൊരു വാഹനം എന്നതിനേക്കാള്‍ സന്തത സഹചാരിയും സുഹൃത്തുമൊക്കെയാണ് ഇടുക്കിയിലെ ഡ്രൈവര്‍മാര്‍ക്ക്. കൃത്യമായ ഇടവേളകളില്‍ ഇവർ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് മെയിന്‍റനൻസ് നടത്തി സര്‍വ്വീസ് നടത്തുകയാണ് ചെയ്യുന്നത്. ഇവ പൊളിക്കേണ്ടി വന്നാൽ റ്റൊരു ജീവിത മാര്‍ഗം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ് ഡ്രൈവര്‍മാർ. മലയോര നാടിന്‍റെ പ്രധാന യാത്രാ ഉപാധിയായ ഇടുക്കിയുടെ സ്വന്തം ജീപ്പുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന പ്രതീക്ഷയിലാണ് ജീപ്പ് ഡ്രൈവര്‍മാര്‍.