ഇടുക്കി: നെടുങ്കണ്ടം പൊന്നാങ്കാണിയിൽ രണ്ടായിരത്തിലധികം കുടുംബങ്ങൾ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായ് ഉപയോഗിച്ചിരുന്ന നീരൊഴുക്ക് സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയതായി നാട്ടുകാർ. കല്ലാർപുഴയുടെ കൈവഴിയായ പാലാറിന്‍റെ ഉത്ഭവത്തിൽ തടയണ കെട്ടിയാണ് ജലത്തിന്‍റെ ഒഴുക്ക് തടസപ്പെടുത്തിയത്. സമീപത്തുള്ള പഞ്ചായത്ത് കുളവും ജെസിബി ഉപയോഗിച്ച് തകർത്തതായാണ് നാട്ടുകാരുടെ പരാതി.
ALSO READ:കൊവാക്സിൻ: കുട്ടികളിലെ പരീക്ഷണങ്ങൾ പട്‌ന എയിംസിൽ ആരംഭിച്ചു
ഇടുക്കി ഡാമിലേക്ക് ജലമെത്തിക്കുന്ന കല്ലാർപുഴയുടെ പോഷക ജല സ്രോതസാണിത് . സ്വകാര്യ വ്യക്തിയുടെ ഏലം കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിക്കുവാനാണ് തടയണ കെട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലത്ത് പോലും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളായ പാലാർ ,പട്ടത്തിമുക്ക്, കോമ്പയാർ മേഖലകളിലെ കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. തന്‍റെ കൃഷിയിടത്തിലൂടെ ഒഴുകുന്നതിനാൽ ജലസ്രോതസ് തനിക്ക് മാത്രം അവകാശപ്പെട്ടതാണന്നാണ് സ്വകാര്യ വ്യക്തിയുടെ വാദമെന്ന് നാട്ടുകാർ പറയുന്നു. ജലസ്രോതസിന് നടുവിലൂടെ കമ്പിവേലിയും ഇയാൾ കെട്ടിയിട്ടുണ്ട്.
പൊന്നാങ്കാണിമല മുകളിലെ നാട്ടുകാരുടെ ജലക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് നിർമിച്ച് നൽകിയ കുളവും ഇയാൾ ജെസിബി ഉപയോഗിച്ച് തകർത്തു. ഇതോടെ പഞ്ചായത്താണ് വാഹനത്തിൽ നാട്ടുകാർക്ക് വെള്ളം എത്തിച്ച് നൽകുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, ജില്ലാ കലക്ടർ, ത്രിതല പഞ്ചായത്ത് അധികൃതർ, പൊലീസ് ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകി. അധികൃതർ അടിയന്തിരമായി സ്ഥലം സന്ദർശിച്ച് നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.