ഇടുക്കി: മകരജ്യോതി ദർശനത്തിനുള്ള പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെയും ഗ്രാമപ്പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയ്ക്കായി 1300 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പുല്ലുമേട്ടിലും പാഞ്ചാലിമേട്ടിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എല്ലാ കേന്ദ്രങ്ങളിലും ഫയര്‍ഫോഴ്‌സ് സംഘം ക്യാമ്പ് ചെയ്യും. പുല്ലുമേട്ടില്‍ വെള്ളവും അസ്‌കാലൈറ്റും സജ്ജീകരിച്ചു. ആരോഗ്യവകുപ്പ് പീരുമേട്, കുമളി, വണ്ടിപ്പെരിയാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടുതീ പ്രതിരോധത്തിനും സംവിധാനമൊരുക്കി. രാവിലെ എട്ട് മുതല്‍ രണ്ടുമണി വരെയാണ് സത്രം വഴി തീര്‍ഥാടകരെ പുല്ലുമേട്ടിലേക്ക് കടത്തിവിടുക. മകരജ്യോതി ദര്‍ശിച്ച് മടങ്ങുന്നവര്‍ക്കായി കോഴിക്കാനത്ത് നിന്ന് വണ്ടിപ്പെരിയാറിലേക്കും കുമളിയിലേക്കും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. 60 ബസുകളാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.