ഇടുക്കി : പൊന്മുടി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിനെ വിമര്‍ശിച്ച് സിപിഎം. മുൻകൂട്ടി അറിയിക്കാതെ റവന്യൂ വകുപ്പ് പരിശോധന നടത്തിയത് ശരിയായില്ലെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. അറിയിപ്പ് നൽകി പരിശോധന നടത്തുന്നതിൽ എതിർപ്പില്ല.
ഭൂമി ഉടമസ്ഥത സംബന്ധിച്ച് റവന്യൂ വകുപ്പും കെഎസ്ഇബിയും തമ്മിൽ തർക്കം ഉണ്ടെങ്കിൽ അവരാണ് പരിഹരിക്കേണ്ടത്. അതിൽ ബാങ്കിനെ കക്ഷി ആക്കേണ്ടതില്ലെന്നും സി.വി വര്‍ഗീസ് പറഞ്ഞു.
Also read: പൊൻമുടി ഭൂമി പ്രശ്‌നം ; റവന്യൂ വകുപ്പിനെയും സിപിഐയെയും വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്
കെഎസ്ഇബി ഭൂമി പാട്ടത്തിന് നല്‍കിയതില്‍ വീഴ്‌ചയുണ്ടായെന്ന സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍റെ വിമര്‍ശനത്തിനും സി.വി വർഗീസ് മറുപടി നല്‍കി. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വേണ്ടത്ര ചർച്ച നടന്നില്ല എന്നത് ശരിയല്ല. എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനമാണ്.
ക്വട്ടേഷൻ ക്ഷണിച്ചാണ് ഭൂമി കൈമാറിയത്. ഇതിന് രേഖകൾ ഉണ്ടെന്നും സി.വി വര്‍ഗീസ് വ്യക്തമാക്കി. പൊന്മുടിയിൽ ഹൈഡൽ ടൂറിസത്തിനായി ഭൂമി നൽകുന്നതിന് മുന്‍പ് ആവശ്യമായ ചർച്ചയും പഠനവും നടത്തണമായിരുന്നുവെന്ന് കെ.കെ ശിവരാമൻ അഭിപ്രായപ്പെട്ടിരുന്നു.