ഇടുക്കി: സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇടുക്കി പൊന്മുടിയിലെ തൂക്കുപാലം. സഞ്ചാരികൾക്ക് ആവേശവും കൗതുകവുമായി മാറിയ പൊന്മുടിയിലെ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത് ബ്രിട്ടീഷ് പ്രൗഢിയിലും സാങ്കേതിക വിദ്യയിലുമാണ്. പാലത്തിലൂടെ വാഹനം ഓടിക്കാം എന്നതാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
1970 കാലഘട്ടത്തിൽ പൊന്മുടിയിൽ അണകെട്ട് നിർമ്മിക്കുന്നതിന് അസംസ്‌കൃത വസ്‌തുക്കളുമായി എറണാകുളം ജില്ലയിൽ നിന്നും മലകയറി വരുന്ന വാഹനങ്ങൾ പന്നിയാർ പുഴക്ക് അക്കരെ എത്തിക്കുവാൻ ഇലക്ട്രിസിറ്റി ബോർഡ് നിർമിച്ചതാണ് അടിത്തൂണുകളില്ലാത്ത ഈ പാലം. പുഴയിൽ നിന്നും നൂറടിയോളം ഉയരത്തിൽ ഉരുക്കുവടത്തിൽ തൂങ്ങി നിൽക്കുന്ന തൂക്കുപാലം കൗതുക കാഴ്‌ചയാണ് ബ്രിട്ടീഷ് പ്രൗഢിയിലും സാങ്കേതിക വിദ്യയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്.
ഉരുക്ക് വടത്തിൽ പന്നിയാർ പുഴക്ക് കുറുകെ രണ്ട് മലകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. ജില്ലയിൽ നിരവധി തൂക്ക് പാലങ്ങൾ ഉണ്ടെങ്കിലും വാഹനം കയറ്റാവുന്ന ഏക തൂക്കുപാലം കൂടിയാണിത്. ഭാരവണ്ടികൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ഇത് വഴി യാത്ര ചെയ്യാം.
പൊൻമുടി അണക്കെട്ടിൽ നിന്നും പാറയിടുക്കുകളിലുടെ ഒഴുകിയെത്തുന്ന പാൽനുരച്ചാർത്തും കാനന ഭംഗിയും ഇവിടെ നിന്നാൽ ആസ്വാദിക്കാം വാഹനങ്ങൾ കയറുമ്പോൾ ആടിയുലയുന്ന പാലം ഒരേസമയം സഞ്ചാരികൾക്ക് ഭയവും ആവേശവും സമ്മാനിക്കുന്നു. ദിനപ്രതി നൂറ് കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ആദ്യകാലത്ത് തടി പലക വിരിച്ചിരുന്ന പാലമായിരുന്നു ഇത്. പിന്നീട്, പലകകൾ ദ്രവിച്ച് പാലം അപകടാവസ്ഥയിൽ ആയതോടെയാണ് ഇന്ന് കാണുന്ന രീതിയിൽ പിഡബ്ല്യൂഡി ഏറ്റെടുത്ത് തകിട് വിരിച്ചത്.
പാലത്തിന്‍റെ നിർമാണവും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇടുക്കി പൊന്മുടിയിലേക്ക് എത്തുന്നത്.
Also read: കുത്തിയൊഴുകുന്ന മുതിരപുഴയാറിന്‍റെ ആകാശക്കാഴ്‌ചകൾ സമ്മാനിച്ച് സിപ് ലൈൻ പദ്ധതി