ഇടുക്കി: ജില്ലയെ റെഡ് സോണില്‍ ഉൾപ്പെടുത്തയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. സംസ്ഥാന അതിർത്തി പങ്കിടുന്ന ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് ആളുകൾ കേരളത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ പൊലീസ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി നേരിട്ടെത്തി അതിർത്തി മേഖലകളില്‍ സ്ഥിതിഗതികൾ വിലയിരുത്തി. തൊടുപുഴ, മൂന്നാർ, കട്ടപ്പന സബ് ഡിവിഷനുകൾക്ക് പുറമേ അടിമാലി, വണ്ടിപ്പെരിയാർ എന്നിങ്ങനെ രണ്ടു സബ് ഡിവിഷനുകൾ കൂടി രൂപീകരിച്ചാണ് പ്രവർത്തനം. കെഎപി ഒന്നാം ബറ്റാലിയൻ കമാൻഡന്‍റ് വൈഭവ് സക്‌സേനയും സ്‌പെഷ്യല്‍ ഓഫീസറായി ജില്ലയിലുണ്ട്. ആറ് ഡിവിഷനുകളിലായി 1559 പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്.
അതേസമയം, കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 8871 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2,14,000 രൂപ ഇതുവരെ പിഴയായി ഈടാക്കി. ക്വാറന്‍റൈൻ ലംഘിച്ചതിന് ഇടുക്കി, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂര്‍ എന്നീ ചെക്ക് പോസ്റ്റുകളില്‍ നിയമം ലംഘിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 25 കേസുകളും, 42 അബ്‌കാരി കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 118 പേർക്കെതിരെയും കേസെടുത്തു. വരും ദിവസങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമായി തുടരും.