ഇടുക്കി: കൊവിഡ് 19 വ്യാപിക്കുമ്പോൾ ശാരീരിക അകലവും സാമൂഹിക ഒരുമയുമായി നാട് മുഴുവൻ പ്രതിരോധത്തിലാണ്. പൊലീസും ആരോഗ്യവകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നിലുണ്ട്. അപ്രതീക്ഷിതമായി നാടെങ്ങും കൊട്ടിയടച്ചപ്പോൾ വരുമാനം നിലച്ച് ഒറ്റപ്പെട്ടുപോയ കുടുംബത്തിന് ആശ്രയമാകുകയാണ് കട്ടപ്പന പൊലീസ്. നരിയംപാറയിൽ വാടക വീട്ടിൽ കഴിയുന്ന നിർധന കുടുംബത്തിനാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സഹായ ഹസ്തം നീട്ടിയത്. വാഹനം എത്തിപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യമായ വീട്ടു സാധനങ്ങൾ എസ് ഐയുടെ നേതൃത്വത്തില്‍ തലച്ചുമടായി വീട്ടലെത്തിച്ചു.
ഭക്ഷണം പാകം ചെയ്യാനായി എൽ പി ജി സിലിണ്ടറും നൽകി. കട്ടപ്പനയിലെ ബോർമ്മയിൽ ജോലി ചെയ്യുന്ന യുവതി, രണ്ട് മക്കൾ, യുവതിയുടെ മാതാവ് എന്നിവർക്കാണ് പൊലീസ് ആശ്രയമായത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് യുവതിയുടെ ഭർത്താവ് മരണപെട്ടിരുന്നു. അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച ഇവർക്ക് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇത് മനസിലാക്കിയാണ് പൊലീസ് ഉദ്യോഗസ്ഥർ സഹായവുമായി എത്തിയത്. ഏത് ആവശ്യത്തിന് ഏത് സമയത്തും വിളിക്കാമെന്ന വാഗ്‌ദാനം നല്‍കിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.