ഇടുക്കി: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസവും കേസുകള്‍ പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് ആവശ്യപ്പെട്ടു. കേസുകളുടെ വിചാരണ നീളുന്നത് ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വലിയ സാമ്പത്തിക ചെലവും മാനസിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. 2014മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 568 കേസുകള്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്നതായാണ് വിവരം. ഈ വര്‍ഷം ഇതു വരെ 125 പോക്‌സോ കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും സിസ്റ്റര്‍ ബിജി ജോസ് വ്യക്തമാക്കി.
മുട്ടത്തെ കോടതിയിലാണ് നിലവില്‍ പോക്‌സോ കേസുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ കേസുകളുടെ ആധിക്യം കാരണം എല്ലാ ദിവസവും പോക്‌സോ കേസുകള്‍ പരിഗണിക്കാറില്ല. ഈ സാഹചര്യത്തില്‍ ജില്ലാ കോടതിയില്‍ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം ഒരു പ്രത്യേക ജഡ്ജിയെ നിയമിക്കണം എന്ന ആവശ്യവും ശക്തമാകുകയാണ്.
നിലവില്‍ സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മൂന്ന് പോക്‌സോ കോടതികളാണുള്ളത്. കേസുകളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് ഇടുക്കിക്കായി പ്രത്യേക പോക്‌സോ കോടതി അനുവദിക്കണമെന്ന ആവശ്യം ഡീന്‍ കുര്യാക്കോസ് എം.പി ഉള്‍പ്പടെ മുമ്പോട്ട് വച്ചിരുന്നു. പോക്‌സോ കേസുകളുടെ എണ്ണം കുറക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ വഴി ശക്തമായ ബോധവല്‍ക്കരണ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.