ഇടുക്കി:കഴിഞ്ഞ കുറെ വർഷങ്ങളായി പീരുമേട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വിഷയം തോട്ടം തൊഴിലാളികളും അവർ നയിക്കുന്ന ദുരത ജീവിതവുമാണ്. രണ്ടായിരം ആണ്ടുമുതൽ പൂട്ടിക്കിടക്കുന്ന നാലു തോട്ടങ്ങളുണ്ട് പീരുമേട്ടിൽ. അന്നു മുതൽ ഇങ്ങോട്ട് എല്ലാ ത്രിതല പഞ്ചാത്ത് - നിയമസഭ - പാർലമെന്‍റ് തെരത്തെടുപ്പുകളിലും പൂട്ടിയ തോട്ടങ്ങൾ പ്രധാന ചർച്ച വിഷയമായിരുന്നു. ആ പതിവിന് ഇത്തവണയും യാതൊരുവിധ മാറ്റവും വന്നിട്ടില്ല. പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി, എം.എം.ജെ. പ്ലാന്‍റേഷന്‍റെ ബോണാമി, കോട്ട മല എന്നീ നാല് എസ്റ്റേറ്റുകളാണ് 2000 മുതൽ പൂട്ടിക്കിടക്കുന്നത്.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ കൂടി കണക്കിലെടുത്ത് തോട്ടം തുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ 2018 ഏപ്രിൽ 22-ന് സർക്കാർ തീരുമാനിച്ചിരുന്നു. തീരുമാനം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിൽ വകുപ്പിന് സർക്കാർ കത്തും നൽകി. തുടർന്ന് തൊഴിൽ മന്ത്രിയും, ഉന്നത ഉദ്യോഗസ്ഥരും തോട്ടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 2018 നവംബർ 22-ന് തോട്ടങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ എം.എൽ.എ.മാർ, തോട്ടം ഉടമകൾ, എല്ലാ തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെയും യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.
2019 ജനുവരി 30-ന് മുമ്പ് തോട്ടം തുറക്കാൻ അന്തിമ ധാരണയും ഉണ്ടാക്കി. സർക്കാർ സഹായം സംബന്ധിച്ച് ഉടമകളും ട്രേഡ് യൂണിയനുകളും ഒരു മാസത്തിനകം ആവശ്യങ്ങളെഴുതി നൽകാൻ യോഗം നിർദേശിച്ചു. എന്നാൽ, തോട്ടം തുറക്കുന്നതിന് സഹായകമായ നിർദേശങ്ങളല്ല ഇരുവിഭാഗങ്ങളിൽനിന്നും ഉണ്ടായത്. തൊഴിലാളികളുടെ മുഴുവൻ ആനുകൂല്യങ്ങളും കിട്ടാതെ തോട്ടം തുറക്കാൻ അനുവദിക്കില്ലെന്ന ട്രേഡ് യൂണിയനുകളുടെ കടുത്ത നിലപാടും, സർക്കാർ ധനസഹായമില്ലാതെ തോട്ടം തുറക്കാനാവില്ലെന്ന ഉടമകളുടെ കടുംപിടിത്തവും പ്രശ്നപരിഹാരത്തിന് തടസ്സമായി. പിന്നീട്, തോട്ടംതുറക്കുന്നതിന് ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ ആർക്കും കഴിഞ്ഞില്ല.
ഏതുനിമിഷവും തകർന്നുവീഴാവുന്ന ലയങ്ങളിൽ ഭീതിയോടെയാണ് തൊഴിലാളികൾ അന്തിയുറങ്ങുന്നത്. യൂണിയനുകൾ വീതിച്ചുനൽകിയ പ്ലോട്ടുകളിൽ നിന്ന് കൊളുന്തുനുള്ളി വില്പന നടത്തിയാണ് ഓരോ ദിവസവും കഴിഞ്ഞുകൂടുന്നത്. ഇക്കാര്യങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാകും എന്നുറപ്പാണ്.