ഇടുക്കി/ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെയായുള്ള (പിഎഫ്‌ഐ) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നാറില്‍ സ്വത്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി). പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.കെ അഷ്റഫിന്‍റെ ഉടമസ്ഥതയില്‍ ഇടുക്കിയിലെ മൂന്നാറിലുള്ള നാല് വില്ലകളും 6.75 ഏക്കര്‍ സ്ഥലവുമാണ് സംഘം കണ്ടുകെട്ടിയത്. മൂന്നാര്‍ വില്ല വിസ്‌റ്റ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള 2.53 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.
എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി ഏഴിന് അന്വേഷണ ഏജന്‍സി കള്ളപ്പണ നിരോധന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ താത്‌കാലികമായി അറ്റാച്ച് ചെയ്‌ത സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ജൂണ്‍ 30 ന് വിധിനിര്‍ണയ അതോറിറ്റി അംഗീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഇഡി പ്രസ്‌താവനയില്‍ അറിയിച്ചു. ഇതാണ് നാല് വില്ലകള്‍ ഉള്‍പ്പടെയുള്ളവയുടെ കണ്ടുകെട്ടല്‍ നടപടിയിലേക്ക് നീങ്ങിയതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകൾ പ്രകാരം കഴിഞ്ഞ സെപ്‌റ്റംബറിലാണ് പിഎഫ്‌ഐ നിരോധിക്കുന്നത്.
ഇഡി കണ്ടെത്തല്‍ ഇങ്ങനെ: വിദേശത്തുള്ള സ്ഥാപനങ്ങളുമായി ബന്ധമുള്ള പിഎഫ്ഐ നേതാക്കളും അംഗങ്ങളും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിനകത്തും നിന്നും പിരിച്ചെടുത്ത പണം വെളുപ്പിക്കാനായാണ് മൂന്നാറിൽ മൂന്നാർ വില്ല വിസ്‌റ്റ പ്രോജക്റ്റ് (എംവിവിപി) എന്ന റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിച്ചതെന്നും ഇഡി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണാര്‍ഥമാണ് മൂന്നാർ വില്ല വിസ്‌റ്റ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ച് പദ്ധതി വികസിപ്പിച്ചതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
പ്രോജക്‌റ്റിനായി കണക്കില്‍പെടാത്ത പണം ഒഴുകിയെത്തിയെന്നും ഇത് എംവിവിപിഎല്‍ കമ്പനിയില്‍ ഓഹരിയായും കള്ളപ്പേരില്‍ ഫണ്ടായി എത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു. മാത്രമല്ല എംവിവിപിഎലിന്‍റെ ഓഹരികൾ കൈമാറ്റം ചെയ്‌തതും മറ്റ് കമ്പനികളിലേക്ക് വ്യാജ കൈമാറ്റം നടത്തിയതും ഉള്‍പ്പടെ ക്രമക്കേട് കണ്ടെത്തിയതായും ഇഡി വ്യക്തമാക്കി.
മുമ്പ് എന്‍ഐഎയും: ഇക്കഴിഞ്ഞ മേയില്‍ കേരളത്തിൽ അഞ്ചിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. കാസർകോട്, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് സംഘം പരിശോധന നടത്തിയത്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്ദുൽ മുനീറിന്‍റെ വീട്ടിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച് പരിശോധന ഏഴ് മണിക്കൂറോളം നീണ്ടുനിന്ന ശേഷം 12 മണിയോടെയാണ് അവസാനിച്ചത്.
അന്നേദിവസം മലപ്പുറത്ത് രണ്ടിടങ്ങളിലും പരിശോധന നടന്നിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കേരളത്തിലെ എൻഐഎ സംഘത്തെ കൂടാതെ ഡൽഹിയിലെയും എൻഐഎ സംഘവും പരിശോധനകൾക്കായി എത്തിയിരുന്നു.
അതേസമയം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് നേരത്തെ തന്നെ എൻഐഎക്ക് ലഭിച്ച വിവരം. മാത്രമല്ല ഹവാല ഇടപാടുകളെ കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്. കേരള പൊലീസും ഇവര്‍ക്കൊപ്പം സുരക്ഷയ്‌ക്കായുണ്ടായിരുന്നു. എന്നാല്‍ കേരളത്തെക്കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലും അന്നേദിവസം റെയ്‌ഡ് നടന്നിരുന്നു. കൂടാതെ മുമ്പ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്ററും പുറത്തുവന്നിരുന്നു. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലായിരുന്നു എൻഐഎ പോസ്റ്റർ പതിച്ചിരുന്നത്. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയായിരുന്നു ഇനാം തുകയായി പ്രഖ്യാപിച്ചിരുന്നത്.