ഇടുക്കി: പെരിഞ്ചാംകുട്ടിയിലെ ആദിവാസികൾക്ക് ഭൂമി അനുവദിക്കുന്ന കാര്യത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ.പദ്ധതി അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പെരിഞ്ചാംകുട്ടിയിൽ ആദിവാസികൾക്ക് ഭൂമി അനുവദിച്ചതിൽ അനർഹർ ലിസ്റ്റിൽ കടന്നു കൂടിയെന്ന ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കെ.കെ. ശിവരാമൻ. അനധികൃതമായി ആർക്കെങ്കിലും ഭൂമി പതിച്ചു കൊടുക്കുവാൻ നീക്കം നടക്കുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി കോൺഗ്രസും മുൻ യുഡിഎഫ് സർക്കാരുമായിരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് തയ്യാറാക്കിയ ലിസ്റ്റാണ് നിലവിൽ അംഗീകരിച്ചിട്ടുള്ളത്. ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോൺഗ്രസുകാർ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിഞ്ചാംകുട്ടിയിലെ ഭൂമി റവന്യൂ വകുപ്പിന്‍റേതാണ്. വനം വകുപ്പിന്‍റെ നിലപാടുകള്‍ കാരണമാണ് അര്‍ഹരായ പലര്‍ക്കും ഭൂമി കൊടുക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.