ഇടുക്കി : വനം വകുപ്പ് പണം നൽകുകയാണെങ്കിൽ കുടിയിറങ്ങാൻ തയ്യാറാണെന്ന് പെരിഞ്ചാംകുട്ടി പ്ലാന്‍റേഷനിലെ ആദിവാസി കുടുംബം. സർക്കാർ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് രാമാനുജൻ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്‍റേഷനിൽ കഴിയുന്ന പതിനൊന്ന് ആദിവാസി കുടുംബങ്ങളാണ് അസൗകര്യങ്ങൾക്ക് നടുവിൽ ദുരിത ജീവിതം നയിക്കുന്നത്. കുടിയിരുത്തി വർഷങ്ങൾ പിന്നിട്ടിട്ടും വെള്ളവും, വെളിച്ചവും, വഴിയും ഇന്നും ഇവർക്ക് അന്യമാണ്.
പ്ലാന്‍റേഷനിലെ ദുരിത ജീവിതത്തിന് ഒരു അറുതി വരുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് നൽകുന്ന തുക വാങ്ങി കുടിയിറങ്ങാൻ ആദിവാസികൾ ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യവും അടച്ചുറപ്പുള്ള വീടും എന്ന സ്വപ്‌നമാണ് ആദിവാസികളെ കുടിയിറങ്ങാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ സർക്കാർ വ്യക്തമായ ഉറപ്പ് നൽകണമെന്നും ഇവർ പറയുന്നു.
കാർഷിക ജോലികൾ ചെയ്‌ത് ജീവിക്കുന്നതിനും കയറി കിടക്കുന്നതിനും അനുയോജ്യമായ സ്ഥലത്ത് ഭൂമി നൽകിയാൽ വനഭൂമിയിൽ നിന്നും മാറാമെന്ന കണക്കുകൂട്ടലിലാണ് ആദിവാസി കുടുംബങ്ങൾ.