ഇടുക്കി: സംസ്ഥാനത്ത് വേനല്‍മഴ ചൂടിന് ഏറെ ആശ്വാസമാകുന്നുണ്ടെങ്കിലും തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ആശങ്കയിലായിരിക്കുകയാണ് ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍. ഇത്തവണത്തെ വേനല്‍ മഴ അടുത്ത വര്‍ഷത്തെ കുരുമുളക് കൃഷിയെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വേനല്‍ മഴയ്‌ക്ക് ശേഷം ലഭിക്കുന്ന വെയിലിനെ ആശ്രയിച്ചാണ് കുരുമുളക് ചെടിയില്‍ നാമ്പും തിരിയും ഉണ്ടാകുന്നത്. എന്നാല്‍ വേനല്‍ മഴ തുടര്‍ന്നതോടെ ആവശ്യത്തിന് വെയില്‍ ലഭിക്കാതെ കുരുമുളക് ഉത്‌പാദനം കുറയുമെന്ന ആശങ്കയിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് തിരിപോലും ഇത്തവണ ചെടികളിലില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നാമ്പിട്ട ചെടികളിലൊന്നും തിരിപിടിച്ചിട്ടുമില്ല. സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലായി നാലോ അഞ്ചോ തവണയാണ് വേനല്‍ മഴ ലഭിക്കാറ്. ഇങ്ങനെ ലഭിക്കുന്ന മഴയ്‌ക്ക് ശേഷം തെളിയുന്ന വെയില്‍ കുരുമുളക് കൃഷിയ്‌ക്ക് ഏറെ അനുയോജ്യമാണ്.
വരും ദിവസങ്ങളില്‍ ഇനി മഴ കുറഞ്ഞാലും കുരുമുളകില്‍ തിരിയിടുമെന്ന പ്രതീക്ഷയൊന്നും ഈ കര്‍ഷകര്‍ക്കില്ല. അടുത്ത വര്‍ഷം കുരുമുളക് കൃഷിയില്‍ ഉത്‌പാദനം വളരെ ഗണ്യമായി കുറയും. ഇത് കര്‍ഷകരുടെ ഏറെ നാളത്തെ അധ്വാനത്തിനെ പ്രതികൂലമായി ബാധിക്കും. സ്ഥലം പാട്ടത്തിനെടുത്തും ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്തുമെല്ലാം കൃഷിയിറക്കിയ കര്‍ഷകര്‍ക്കിത് വന്‍ തിരിച്ചടിയാകും.
മഴയ്‌ക്കൊപ്പം എത്തിയ കാറ്റും ചതിച്ചു: വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റ് കുരുമുളക് കൃഷിയ്‌ക്ക് ഏറെ ബാധിച്ചു. ജില്ലയില്‍ പലയിടങ്ങളിലും കാറ്റില്‍പ്പെട്ട് കുരുമുളക് ചെടികള്‍ നശിച്ചു. മാത്രമല്ല ആദ്യ വേനല്‍ മഴയ്‌ക്ക് ശേഷം ചെടികളില്‍ നാമ്പിട്ട തിരികള്‍ കാറ്റില്‍ ആടിയുലഞ്ഞ് പൊഴിഞ്ഞും പോയി. കഴിഞ്ഞ രണ്ടാഴ്‌ചയായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ വേനല്‍ മഴയാണുണ്ടാകുന്നത്.
മഴയും കുരുമുളക് പരിചരണവും: കുരുമുളക് കൃഷിയ്‌ക്ക് കൂടുതല്‍ പരിചരണം നല്‍കേണ്ട സമയങ്ങളില്‍ ഒന്നാണ് മഴക്കാലം. ഇക്കാലത്താണ് കൃഷിയ്‌ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരിക. വച്ചു പിടിക്കുന്ന പുതിയ തൈകള്‍ക്കും കായ്‌ച്ച് നില്‍ക്കുന്ന ചെടികള്‍ക്കും വിവിധ തരം അസുഖങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും.
ദ്രുതവാട്ടം, ഇലപ്പുള്ളി രോഗം, പൊള്ളുവണ്ടിന്‍റെ ആക്രമണം തുടങ്ങിയ അസുഖങ്ങളെല്ലാം കുരുമുളക് കൃഷിയെ ബാധിക്കുന്നത് മഴക്കാലത്താണ്. ഇതില്‍ കുരുമുളക് ചെടികളെ മൊത്തം നശിപ്പിക്കുന്ന അസുഖമാണ് ഇലപ്പുള്ളി രോഗം. പച്ച നിറമുള്ള കുരുമുളക് ഇലകള്‍ മഞ്ഞ നിറത്തിലാകുകയും അതില്‍ കറുത്ത പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് ദ്രുതവാട്ടം.
ഈ അസുഖം ബാധിച്ചാല്‍ ചെടികളില്‍ വളര്‍ന്ന് വന്ന് തിരികളും നാമ്പുമെല്ലാം കൊഴിഞ്ഞ് പോകും. പൊള്ളുവണ്ടിന്‍റെ ആക്രമണത്തില്‍ വിളകളെല്ലാം നശിക്കാന്‍ സാധ്യതയുണ്ട്. പെണ്‍വണ്ടുകള്‍ കുരുമുളക് തിരികളില്‍ മുട്ടയിടും.
മുട്ടകള്‍ വിരിയുന്നതോടെ അവ കുരുമുളകിന് അകത്തേക്ക് തുളച്ച് കയറി അതിന് ഉള്ളിനുള്ള കാമ്പ് തിന്ന് തീര്‍ക്കും. ഇത്തരത്തില്‍ വിരിഞ്ഞിറങ്ങുന്ന ഓരോ കുഞ്ഞും മുട്ടയിട്ട് വിരിയുകയും വിളകള്‍ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്യും. ഇത്തരം രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് കഴിഞ്ഞാല്‍ ഉടന്‍ കീടനാശിനികള്‍ തളിക്കുകയും അവയെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. നടപടികള്‍ സ്വീകരിക്കാന്‍ വൈകിയാല്‍ അവ വേഗത്തില്‍ ചെടികളെ മൊത്തം നശിപ്പിക്കും.