ഇടുക്കി: വയോധികരായ ദമ്പതികള്‍ 40 വര്‍ഷമായി ഉപയോഗിച്ചുവന്ന വഴി തടസപ്പെടുത്തിയതായി പരാതി. പഴയ വിടുതി തൃക്കേകുന്നുംപുറത്ത് ദേവസ്യ, മറിയക്കുട്ടി ദമ്പതികളാണ് പരാതിയുമായി രംഗത്ത് വന്നത്. നേരത്തെ ഉപയോഗിച്ചുവന്ന വഴിയിലൂടെ നിലവില്‍ ജീപ്പില്‍ പോലും യാത്രചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പാണ് റോഡ് ഗതാഗതയോഗ്യമല്ലാതാക്കിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബന്ധുകൂടിയായ സജിയാണ് ഗതാഗതം തടസപ്പെടുത്തിയതെന്ന് ഇവർ ആരോപിക്കുന്നു. റോഡില്‍ കുഴിച്ചിട്ടിരുന്ന കുടിവെള്ളപൈപ്പ് നശിപ്പിക്കുകയും, വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്‌തു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഓഫീസിലും, പൊലീസ് സ്റ്റേഷനിലും, കെഎസ്‌ഇബി ഓഫീസിലും പരാതി നല്‍കിയെങ്കിലും റോഡിന്‍റെയും വെള്ളത്തിന്‍റെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ഇതേ തുടര്‍ന്ന് ജില്ലാ കലക്‌ടര്‍ക്ക് പരാതി നല്‍കി. ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്‌ടര്‍ ഉത്തരവിട്ടെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിച്ചിട്ടില്ല.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലം തട്ടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് സജി വഴി തടസപ്പെടുത്തിയതെന്നും ദേവസ്യ ആരോപിച്ചു. അയല്‍വാസിയായ ചൂരക്കാട്ടില്‍ മര്‍ക്കോസിനോട് 40 വര്‍ഷം മുമ്പ് വില കൊടുത്തു വാങ്ങിയ ഭൂമി അപ്പോള്‍ രജിസ്റ്റര്‍ ചെയ്‌ത് വാങ്ങാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു. മര്‍ക്കോസ് മരിച്ചതിനെ തുടര്‍ന്ന് അനന്തരാവകാശികളോട് വസ്‌തു ആധാരം ചെയ്യാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന് ശ്രമിക്കാതെ തങ്ങളുടെ ബന്ധുവായി സജിയോടൊപ്പം ചേര്‍ന്ന് റോഡ് ഇടിച്ചു നശിപ്പിച്ചുവെന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്. വസ്‌തു ആധാരം ചെയ്‌ത് തരുന്നതിനുള്ള തടസങ്ങള്‍ മാറ്റിക്കിട്ടണമെന്നും, സഞ്ചരിക്കാന്‍ വേറെ വഴികള്‍ ഇല്ലാത്തതിനാല്‍ നിലവിലെ വഴിയിലൂടെ ജീപ്പ് സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു.