ഇടുക്കി: പേപ്പറിൽ നിന്നും മനോഹരമായ ശിൽപങ്ങൾ വെട്ടിയെടുത്ത് നെടുങ്കണ്ടം സ്വദേശിയായ അധ്യാപകൻ. തേര്‍ഡ്ക്യാമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ അധ്യാപകനായ കെ.എം. മനുമോനാണ് കടലാസിൽ ശില്‍പങ്ങൾ നിർമിക്കുന്നത്. പേപ്പറില്‍ ചിത്രങ്ങള്‍ സ്കെച്ച് ചെയ്‌തതിനുശേഷം ക്രാഫ്റ്റ് കത്തി ഉപയോഗിച്ച് വെട്ടിയെടുക്കുന്ന ഒരു ആര്‍ട്ടാണ് പേപ്പര്‍ കട്ടിങ് ആര്‍ട്ട് അഥവാ പേപ്പര്‍ കട്ട് പോർട്രൈറ്റ്. ലോക്ക്‌ഡൗണ്‍ കാലത്താണ് മനു പേപ്പര്‍ കട്ടിങ് ആര്‍ട്ടിലേക്ക് ശ്രദ്ധ തിരിച്ചത്. തീരെ കട്ടി കുറഞ്ഞ പേപ്പറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പേപ്പര്‍ കട്ടിങ് പോര്‍ട്രൈറ്റിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയാണ്.
കടലാസ് മുറിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തണം. മാത്രമല്ല ഒരു ശില്‍പം രൂപകല്‍പന ചെയ്യാൻ ചിലപ്പോൾ ദിവസങ്ങളും ആഴ്‌ചകളും വേണ്ടി വരും. ഇതിനോടകം 200ഓളം പേപ്പര്‍ കട്ടിങ് ആർട്ടുകൾ മനുമോൻ രൂപകൽപന ചെയ്‌തുകഴിഞ്ഞു. ചെറുപ്പം മുതല്‍ ചിത്രകലയില്‍ മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം ക്രാഫ്റ്റ് വര്‍ക്ക്, മെറ്റല്‍ എന്‍ഗ്രേവിങ്, സാന്‍റ് പെയിന്‍റിങ് എന്നിവക്ക് പുറമെ ഇക്കാര്യങ്ങളില്‍ ക്ലാസെടുക്കുന്നുമുണ്ട്. നല്ല വരുമാനം കണ്ടെത്താനാവുമെങ്കിലും തന്‍റെ ശിൽപങ്ങൾ വിൽക്കാൻ താൽപര്യമില്ലെന്ന് മനുമോൻ പറയുന്നു.