ഇടുക്കി: തുടര്‍ച്ചയായ മൂന്നാം തവണയും തകര്‍ന്ന പന്നിയാര്‍കൂട്ടി നടപ്പാലം പുതുക്കി നിര്‍മിക്കുന്നതിന് നടപടിയായി. എസ്. രാജേന്ദ്രന്‍ എംഎല്‍യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാലം പുതുക്കി നിര്‍മിക്കുന്നത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കുമന്നും എംഎല്‍എ പറഞ്ഞു. കൊന്നത്തടി -വെള്ളത്തുവല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുതിരപ്പുഴയാറിന് കുറുകെ പന്നിയാര്‍കൂട്ടിയില്‍ ഉണ്ടായിരുന്ന നടപ്പാലം 2018ലുണ്ടായ പ്രളയത്തിലാണ് തകര്‍ന്നത്. ഇതിന് ശേഷം നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക പാലം 2019ല്‍ ഭാഗികമായും കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ പൂർണ്ണമായും തകര്‍ന്നു.
ഇനി താല്‍ക്കാലിക പാലം നിര്‍മാണം സാധ്യമാകാത്ത സാഹചര്യത്തിലാണ് അടിയന്തരമായി പുതിയ പാലം നിര്‍മിക്കുന്നതിന് നടപടി സ്വീകരിച്ചത്. ശക്തമായ മലവെള്ളപ്പാച്ചിലിനെയും അധിജീവിക്കുന്നതിനായി നിലവിലുള്ള പാലത്തിനെക്കാള്‍ മൂന്ന് മീറ്റര്‍ ഉയരം കൂട്ടിയാണ് പുതിയ നടപ്പാലം നിര്‍മിക്കുന്നത്. ഒരു മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. എന്നാല്‍ ഇവിടെ വാഹന ഗതാഗതം സാധ്യമാകുന്ന തരത്തില്‍ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ബജറ്റിൽ ഫണ്ട് നീക്കിവച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.