ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കള്ളിമാലിയെ മാലിന്യ മുക്ത കേന്ദ്രമാക്കി സംരക്ഷിക്കുന്നതിന് കര്‍ശന നടപടിയുമായി രാജാക്കാട് ഗ്രാമ പഞ്ചായത്ത്. കള്ളിമാലി വ്യൂപോയിന്റില് മാലിന്യ നിക്ഷേപം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപം നടത്തുന്നത് പതിവായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് നാട്ടുകാരുടെ സഹായത്തോടെ പുതിയ പദ്ധതി നടപ്പിലാക്കിയത്. മാലിന്യം തള്ളുന്നവരുടെ ചിത്രങ്ങളടക്കം പകര്‍ത്തി പഞ്ചായത്തിന് കൈമാറുന്നവർക്കു പഞ്ചായത്ത് പാരിതോഷികം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡും പഞ്ചായത്ത് ഇവിടെ സ്ഥാപിച്ചിരുന്നു.
രാത്രിയിലടക്കം വെളിച്ചമെത്തിക്കുന്നതിന് വ്യാപ്പോയിന്റില് സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചു. പദ്ധതി നടപ്പിലാക്കി ഒരാഴ്ച പിന്നിടും മുമ്പാണ് രാജാക്കാട്ടിലെ വ്യാപാരി ഇവിടെ മാലിന്യം നിക്ഷേപിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.