ഇടുക്കി: ഭർത്താവിനെ ഒഴിവാക്കാൻ കാമുകനോടൊപ്പം ചേർന്ന് ഭർത്താവിൻ്റെ വാഹനത്തിൽ മയക്കുമരുന്ന് വച്ച പഞ്ചായത്തംഗവും കൂട്ടാളികളും പിടിയിൽ. ഇടുക്കി വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പുറ്റടിക്ക് സമീപം പഞ്ചായത്തംഗത്തിൻ്റെ ഭർത്താവായ സുനിലിൻ്റെ ഇരുചക്ര വാഹനത്തിൽ നിന്ന് മാരക മയക്കുമരുന്ന് പിടികൂടിയത്. എന്നാൽ സുനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിൽപന നടത്തുന്നതായോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. തുടർന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയപ്പോഴാണ് സുനിലിനെ ഒഴിവാക്കാൻ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്‍റെ സുഹൃത്ത് ഷാനവാസും ചേർന്ന് നടത്തിയ പദ്ധതിയാണന്ന് തെളിഞ്ഞത്.
മയക്കുമരുന്ന് വാങ്ങിയത് 45,000 രൂപക്ക്
ഫെബ്രുവരി 18ന് വിനോദും വിനോദിന്‍റെ സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വച്ച് മയക്കുമരുന്ന് സൗമ്യക്ക് കൈമാറി. ഇത് സൗമ്യ സുനിലിന്‍റെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിന്‍റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. പൊലീസിനും മറ്റ് ഏജൻസികൾക്കും സൗമ്യ വിദേശത്ത് ജോലി ചെയ്യുന്ന കാമുകൻ മുഖേന സൂചന കൊടുത്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിലിന്‍റെ വാഹനത്തിൽ നിന്ന് എംഡിഎംഎ ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ ആദ്യം വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകി കൊലപ്പെടുത്താനോ ഇരുവരും ചേർന്ന് പദ്ധതി ഇട്ടു. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിന്മാറി.
ഇടയ്ക്കിടെ വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വന്നു പോകുന്ന കാമുകൻ വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ഹോട്ടലിൽ മുറി എടുത്ത് രണ്ട് ദിവസം താമസിച്ച് ഗൂഡാലോചന നടത്തി. 18ന് സൗമ്യയുടെ പക്കൽ മയക്കുമരുന്ന് എത്തിച്ചു കൊടുത്തശേഷം വിദേശത്തേക്ക് കടന്ന കാമുകനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
കേസിൽ സൗമ്യയെ കൂടാതെ സഹായികളായ ഷാനവാസിനെയും ഷെഫിൻഷായെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45000 രൂപക്ക് മയക്കുമരുന്ന് വാങ്ങി വിനോദിന് എത്തിച്ചു കൊടുത്തതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ലഹരി മരുന്ന് കേസിൽ പഞ്ചായത്തംഗം അറസ്റ്റിലായതിനെ തുടർന്ന് വണ്ടൻമേട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫും ബിജെപിയും പ്രതിഷേധ പ്രകടനം നടത്തി.