ഇടുക്കി: കാട്ടാനകളുടെ ഭീതി പടർത്തുന്ന സാന്നിധ്യത്തിനപ്പുറം കാഴ്ച്ചയിൽ കൗതുകം നൽകുന്ന ഒരു കരിവീരൻ മൂന്നാറിലുണ്ട്. പടയപ്പ എന്ന് വിളിക്കുന്ന കാട്ടു കൊമ്പാനാണ് തലയെടുപ്പു കൊണ്ടും കൊമ്പിന്‍റെ അഴക് കൊണ്ടും നാട്ടുകാരുടെ പ്രിയങ്കരനാകുന്നത്. കഴിഞ്ഞ ദിവസം പകൽ മൂന്നാർ പെരിയവരൈയിലെത്തിയ പടയപ്പയുടെ ദൃശ്യം നവമാധ്യമങ്ങളിൽ ഹിറ്റാണ്. മൂന്നാറിന്‍റെ രാജാവെന്ന പേരിലാണ് നവമാധ്യമങ്ങളിൽ പടയപ്പയുടെ ദൃശ്യം പ്രചരിക്കുന്നത്.
കാടിറങ്ങുന്ന കാട്ടുകൊമ്പൻമാരെ ഭീതിയോടെയാണ് എല്ലാവരും കാണാറ്. എന്നാല്‍ പടയപ്പ അങ്ങനെയല്ല. വർഷങ്ങളായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും സ്ഥിര സാന്നിധ്യമായ പടയപ്പയെ ഒറ്റ നോട്ടത്തിൽ മൂന്നാറുകാർക്ക് തിരിച്ചറിയാം. ആളുകളെ കണ്ട് തഴക്കം വന്നതിനാലാകാം സമീപകാലത്തെങ്ങും പടയപ്പ മനുഷ്യർക്കു നേരെ ആക്രമണം നടത്തിയതായി അറിവില്ല.
മുന്‍പ് തീറ്റ തേടിയെത്തുന്ന പടയപ്പ കൃഷി നശിപ്പിക്കുകയും വഴിയോര വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് തീറ്റ തട്ടിയെടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആളുകൾ ബഹളം വയ്ക്കുന്നതോടെ പതിയെ പിൻ വാങ്ങും. നാട്ടിലിറങ്ങുന്ന കാട്ടുകൊമ്പനോടത്ര താൽപര്യമില്ലെങ്കിലും പടയപ്പ മൂന്നാറുകാരുടെ സ്വന്തമാണ്.