ഇടുക്കി: ഒരു തൈ നടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അതിനെ സുരക്ഷിതമായി പരിപാലിക്കാന്‍. പ്രത്യേകിച്ചും പൊതു ഇടങ്ങളിലാകുമ്പോള്‍. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്നുള്ള കുടുംബശ്രീ ഓഫിസിന് മുന്നിലെ ഓറഞ്ച് മരത്തിന് പറയാനുള്ളത് അതിജീവനത്തിന്‍റെ കഥയാണ്. മുറിച്ചുമാറ്റപ്പെടുമായിരുന്ന ഒരു തൈ മരമായി വളര്‍ന്നത് കുറച്ചുപേരുടെ കരുതല്‍ കൊണ്ട് മാത്രം.
തൈയില്‍ നിന്ന് മരത്തിലേക്ക്
ആറ് വർഷം മുമ്പ് കൃഷി ഭവനില്‍ നിന്ന് കർഷകര്‍ക്കായി ഓറഞ്ച് തൈകൾ വിതരണം ചെയ്‌തു. കവർ പൊട്ടിയതിനെ തുടർന്ന് ആർക്കും വേണ്ടാതെ കിടന്ന ഒരു തൈ കുടുംബശ്രീ ഓഫിസിലെ ജീവനക്കാർ കൊണ്ടുവന്ന് അവരുടെ വളപ്പിൽ നട്ടു. ദിവസവും വെള്ളവും മുറതെറ്റാതെ പച്ചിലവളവും നൽകി.
ചെടി അല്‍പ്പമൊന്ന് വളര്‍ന്ന സമയത്താണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ നടപടികളുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഓഫിസില്‍ ആരംഭിച്ചത്. ഇതോടെ ഓറഞ്ച് ചെടിയുടെ നിലനില്‍പ്പ് ഭീഷണിയിലായി.
കുടുംബശ്രീ മാതൃക
ഒരു ഘട്ടത്തിൽ ചെടി പിഴുതുമാറ്റണമെന്ന് നിർമാണ പ്രവർത്തനം നടത്തുന്നവർ ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്നായി കുടുംബശ്രീ പ്രവർത്തകർ. ഒടുക്കം ചുറ്റുമതിലിനോട് ചേർന്ന് ചെറിയൊരു മതില്‍ കൂടി കെട്ടി ഓറഞ്ച് ചെടിയെ സംരക്ഷിച്ചു. ഏവര്‍ക്കും കൗതുകമായി പിറ്റേ വർഷം മുതൽ ഓറഞ്ച് കായ്ച്ചുതുടങ്ങി.
ഇതോടെ കുടുംബശ്രീ ഓഫിസിലെത്തുന്നവര്‍ക്ക് ഓറഞ്ച് നുണയാന്‍ അവസരവുമൊരുങ്ങി. നവീകരണ പ്രവർത്തനങ്ങള്‍ക്കായി വൃക്ഷങ്ങളും ചെടികളും മുറിച്ചുമാറ്റുന്നവർ ശ്രദ്ധിക്കേണ്ട മാതൃകയാണ് ഇവിടുത്തെ ജീവനക്കാരുടെ ഇടപെടല്‍.
Also read: മനുഷ്യത്വം മരവിച്ചിട്ടില്ല, ഇടിവി വാർത്തയ്ക്ക് പിന്നാലെ ഈ അമ്മയ്ക്കും മക്കൾക്കും സഹായം