ഇടുക്കി: ഓൺലൈൻ തട്ടിപ്പുകാരെ വലയിലാക്കാൻ പൊലീസും സൈബർസെല്ലും പരിശ്രമിക്കുമ്പോള്‍ പണം തട്ടുന്നതിന് പുതിയ കെണികളാണ് തട്ടിപ്പുകാര്‍ ഒരുക്കുന്നത്. ഓൺലൈൻ വ്യാപാര സൈറ്റുകൾ ഉപയോഗിക്കുന്ന വ്യക്തികളെ തിരഞ്ഞുപിടിച്ച് അവരുടെ തപാൽ വിലാസത്തിലേക്ക് സ്‌ക്രാച്ച് കാർഡുകൾ രജിസ്‌ട്രറായി അയച്ചാണ് പുതിയ തട്ടിപ്പ്.
തൂക്കുപാലത്ത് ഇലക്ട്രോണിക്‌സ് കട നടത്തുന്ന വ്യാപാരിയുടെ വിലാസത്തിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ സ്‌ക്രാച്ച് കാർഡും പണം നൽകുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും അടങ്ങിയ കവർ എത്തിയത്. തപാലിൽ എത്തിയ കാർഡ് ചുരണ്ടിയാൽ വില കൂടിയ കാർ സ്വന്തമാവും. പക്ഷെ കിട്ടണമെങ്കിൽ കാർഡിൽ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് നികുതിയായി നിശ്ചിത തുക അയക്കണം.
സമ്മാനത്തിന് അങ്ങോട്ട് പണം നല്‍കണം
രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമിച്ചിരിക്കുന്നത്. കാർ ലഭിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ തന്നെ തട്ടിപ്പാണെന്ന് വ്യാപാരിക്ക് ബോധ്യപ്പെട്ടിരുന്നു. വ്യാപാരിയുടെ ബന്ധുവിനും കുറച്ചുനാൾ മുമ്പ് സമാനമായ കത്ത് ലഭിച്ചിരുന്നു.
പാറ്റ്ന സ്വദേശി സോഹൻ സിങ് എന്നയാളുടെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. തട്ടിപ്പിന് പിന്നിൽ ആരാണെന്നറിയാൻ തപാൽ കവറിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴും അക്കൗണ്ടിലേക്ക് പണം അയക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
ഫോൺ എടുത്തയാൾ ഹിന്ദിയിലാണ് സംസാരം തുടങ്ങിയത്. പിന്നീട് തമിഴ് സംസാരിക്കുന്ന ആൾക്ക് ഫോൺ കൈമാറി. വിവരങ്ങൾ കൈമാറുന്നതിന് വാട്‌സ്ആപ്പ് നമ്പർ നൽകാനും വ്യാപാരിയോട് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വ്യാപാരി തയ്യാറല്ലെന്ന് അറിയിച്ചതോടെ ഫോൺ കട്ടായി. പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആവുകയും ചെയ്‌തു.
Also read: തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; യുവാവിന് ലക്ഷങ്ങൾ നഷ്‌ടമായി