ഇടുക്കി : കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാൻ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കെകെ ബിജുവിന്‍റെ മൃതദേഹമാണ് വേങ്ങാനം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു.കെ.കെ. (38), സഹോദരന്‍ ബിനു.കെ.കെ. (36) എന്നിവരെയാണ് ബുധനാഴ്‌ച രാവിലെ മുതല്‍ കാണാതായത്.
മീന്‍ പിടിക്കുന്നതിനായി കെട്ടിയ വല അഴിച്ചെടുക്കാൻ ജൂലൈ 21ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ ഡാമിലേക്ക് പോയത്. ഉച്ചക്ക് 12 മണിയായിട്ടും തിരിച്ച് എത്താത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാല് മണിയോടെയാണ് കുളമാവിലുള്ളവര്‍ക്ക് അപകടത്തെപ്പറ്റി സൂചന ലഭിച്ചത്.
Also read: കുളമാവ് ഡാമില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
തുടർന്ന് ഇരുവർക്കുമായി തെരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും കനത്ത മഴയും കാറ്റും മൂലം ഇരുവരെയും കണ്ടെത്താനായില്ല. തുടർന്ന് തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാസേന യൂണിറ്റുകളുടെ നേതൃത്വത്തില്‍ രണ്ട് സംഘം സ്‌കൂബാ ടീം ഡാമില്‍ ഡിങ്കി ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ ആറാം ദിവസമാണ് ഇവരില്‍ ഒരാളുടെ മൃതദേഹം കിട്ടിയത്.