ഇടുക്കി: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ എച്ച്. ദിനേശൻ അറിയിച്ചു. ഇതോടെ ജില്ലയിൽ ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് പോസിറ്റീവായിരുന്ന പൊതുപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ സുഹൃത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചുരുളി സ്വദേശിയായ 42 വയസുള്ള ഇയാളെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊതുപ്രവർത്തകൻ ഉൾപ്പെടെ 13 പേരുടെ ഒടുവിലത്തെ ഫലം നെഗറ്റീവാണ്. അതേസമയം ജില്ലയിൽ 2,290 പേർ വീടുകളിലും ആറ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഞായറാഴ്‌ച 14 പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം തിങ്കളാഴ്‌ച ലഭിക്കുമെന്നാണ് സൂചന.