ഇടുക്കി: വിദ്യ അഭ്യസിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പ്രായം ഒരു തടസമാകില്ല. അത് സ്വന്തം ജീവിതത്തിലുടെ തെളിയിക്കുകയാണ് കമല കണ്ണി. കാരണം കമല കണ്ണിയമ്മയ്‌ക്ക് ഇപ്പോൾ 109 വയസുണ്ട്. 108ാം വയസില്‍ വീട്ടിലെത്തിയ സാക്ഷരത പ്രവർത്തകരാണ് കമല കണ്ണിയോട് അക്ഷരം പഠിക്കുന്നതിനെക്കുറിച്ച് പറയുന്നത്.
കേട്ടയുടൻ തന്നെ കമല പഠനത്തിന് തയ്യാറായി. അങ്ങനെ കേന്ദ്ര സർക്കാരിന്‍റെ സാക്ഷരത പദ്ധതിയായ പഠ്‌ന - ലിഖ്‌ന അഭിയാൻ പദ്ധതിയിൽ ചേർന്ന ഈ അമ്മ 108ാം വയസില്‍ സ്വന്തം പേരെഴുതാൻ പഠിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന വണ്ടൻമേട് സ്വദേശിനിയായ കമല കണ്ണി.
ആദ്യമായി കമല കണ്ണി എന്ന പേര് ബുക്കിൽ എഴുതിയതിന്‍റെ സന്തോഷം ഇനിയും അവരുടെ മുഖത്തുനിന്നും മാറിയിട്ടില്ല. തമിഴ്‌നാട് കമ്പം സ്വദേശികളായ കമല കണ്ണിയുടെ കുടുംബം കേരളത്തിലെ അതിർത്തി ജില്ലയായ ഇടുക്കിയിലേക്ക് കുടിയേറിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഏലത്തോട്ടത്തിൽ തൊഴില്‍ തേടി എത്തിയവർ പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി.
സാക്ഷരത പഠനം തുടങ്ങിയപ്പോൾ മുതൽ അമ്മയുടെ കയ്യിൽ ഒരു ബുക്കും പേനയും ഉണ്ട്. എപ്പോൾ വേണമെങ്കിലും എഴുതാൻ തയ്യാർ. കമല കണ്ണി എന്ന് മലയാളത്തിലും തമിഴിലും മാറി മാറി എഴുതും. വയസ് 109 ആയെങ്കിലും രോഗങ്ങൾ ഒന്നും ഇല്ല.
ചെറുപ്പത്തിൽ കാട്ടുകിഴങ്ങുകളും പച്ചച്ചീരയും ഒക്കെയായിരുന്നു ഭക്ഷണം. അതാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്ന് കമല കണ്ണി പറയുന്നു. നാലാം തലമുറയിലെ പേരക്കുട്ടികൾക്കൊപ്പം ഇടുക്കി ജില്ലയിലെ വണ്ടൻമേട്ടിലാണ് താമസം. കമല കണ്ണിയുടെ നേട്ടത്തിൽ കുടുംബവും ഏറെ സന്തോഷത്തിലാണ്.
പഠ്‌ന - ലിഖ്‌ന അഭിയാൻ: കേന്ദ്ര സർക്കാരിന്‍റെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരത മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പഠ്‌ന - ലിഖ്‌ന അഭിയാൻ. പട്ടികജാതി - പട്ടിക വർഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ എന്നിവരെ കൂടാതെ പൊതുവിഭാഗത്തിലുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. 15 വയസിനും അതിന് മുകളിലും പ്രായമുള്ളവർക്കായാണ് പദ്ധതി. 2023നുള്ളില്‍ രാജ്യത്തെ മുഴുവൻ ജനങ്ങളെയും സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സാക്ഷരരാകാൻ 20,000 പേർ: 2022 മാർച്ചിലാണ് ഇടുക്കിയിൽ നിരക്ഷരരായ 20,000 പേരെ സാക്ഷരരാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരത മിഷന്‍റെ നേതൃത്വത്തിലുള്ള പഠ്‌ന - ലിഖ്‌ന അഭിയാൻ സാക്ഷരത പദ്ധതി ആരംഭിച്ചത്. 2,000 ഇൻസ്‌ട്രക്‌ടർമാരാണ് ക്ലാസുകൾ നയിക്കാൻ ചുമതലയിലുണ്ടായിരുന്നത്. വാർഡ് അടിസ്ഥാനത്തിൽ നടത്തിയ സർവേയിലൂടെയാണ് പഠിതാക്കളെ തെരഞ്ഞെടുത്തത്. ശേഷം ഇവർക്കാവശ്യമായ പാഠപുസ്‌തകങ്ങളും വിതരണം ചെയ്‌തിരുന്നു.
also read: ഇ-പോസ് തകരാര്‍: റേഷന്‍ വിതരണം പ്രതിസന്ധിയില്‍, ഇന്നും നാളെയും റേഷന്‍ കടകള്‍ തുറക്കില്ല