ഇടുക്കി: കാലപ്പഴക്കം മൂലം നാശം സംഭവിച്ച പൊലീസ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ നവീകരിക്കുന്നതില്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. സ്വന്തം ചിലവില്‍ വാടക വീടുകളിലാണ് ശാന്തമ്പാറയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉടുമ്പന്‍ചോലയില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലീസ് സ്റ്റേഷന്‍ ശാന്തമ്പാറയിലേക്ക് മാറ്റിയസമയത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചത്. എന്നാല്‍ ഇതിന് ശേഷം കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ താമസ യോഗ്യമല്ലാതായി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ താമസം മാറ്റുകയായിരുന്നു.
അഞ്ച് കെട്ടിടങ്ങളാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായികിടക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നടക്കം സ്ഥലം മാറിയെത്തുന്ന ഉദ്യോഗസ്ഥര്‍ സമീപത്തുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി വാടകക്കെടുത്താണ് താമസിക്കുന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കും രാവിലെ ജോലിക്കെത്തേണ്ടവര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പൊലീസുകാരുടെയും പൊതുപ്രവര്‍ത്തകരുടേയും ആവശ്യം.