ഇടുക്കി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ പഴയ വാഹന പൊളിയ്ക്കല്‍ നയം പ്രഖ്യാപിച്ചത്. പഴയതും കാര്യക്ഷമത കുറഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയ പ്രഖ്യാപനം വന്നത്.
15 വർഷം പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളും പൊളിക്കാൻ വഴിവെക്കുന്ന നയം കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രം അവതരിപ്പിച്ചത്. രാജ്യത്തെ വികസനത്തിലെ പുതിയ നാഴികക്കല്ല് എന്നായിരുന്നു പ്രധാനമന്ത്രി നയത്തെ വിശേഷിപ്പിച്ചത്.
ആശങ്കയോടെ വാഹന മേഖല
എന്നാല്‍ വാഹന മേഖലയിലുള്ളവര്‍ നയപ്രഖ്യാപനത്തെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും വാഹനങ്ങള്‍ ലേലത്തില്‍ പിടിച്ചവര്‍ ആശങ്കയിലാണ്. ഫിറ്റ്‌നസ് ഉള്ള പഴയ വാഹനങ്ങളെ പൊളിയ്ക്കല്‍ നയത്തില്‍ നിന്നും ഒഴിവാക്കുമെന്ന സൂചനയുണ്ടെങ്കിലും ലേലത്തില്‍ പിടിച്ച വാഹനങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ ആളുകള്‍ എത്തുന്നില്ല.
കാലപ്പഴക്കം മൂലം ഉപേക്ഷിച്ച സര്‍ക്കാര്‍ വാഹനങ്ങളും വിവിധ കേസുകളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഉടമസ്ഥര്‍ തിരിച്ചെടുക്കാത്ത വാഹനങ്ങളും ലേലത്തില്‍ വില്‍ക്കുകയാണ് പതിവ്. ഇത്തരം വാഹനങ്ങള്‍ വന്‍ തുക മുടക്കിയാണ് പലരും ലേലത്തില്‍ എടുക്കുന്നത്. ലേല തുകയ്ക്ക് പുറമെ ജിഎസ്‌ടിയും അടയ്ക്കണം.
പുതുക്കി പണിത വാഹനങ്ങള്‍ വേണ്ട
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വാഹന പൊളിക്കല്‍ നയത്തെ തുടര്‍ന്ന് ലേലത്തില്‍ പിടിച്ച ശേഷം പുതുക്കി പണിയുന്ന വാഹനങ്ങള്‍ തേടി ആവശ്യക്കാര്‍ എത്താതെയായി. ഇത്തരം വാഹനങ്ങള്‍ പൊളിച്ച് വിറ്റാല്‍ ലേലത്തിന് മുടക്കിയ തുകയുടെ മൂന്നിലൊന്ന് പോലും ലഭിയ്ക്കില്ല.
വാഹനങ്ങള്‍ പുതുക്കി പണിയുന്ന വര്‍ക് ഷോപ്പുകളിലും ജോലികള്‍ നന്നേ കുറഞ്ഞു. ലേലത്തില്‍ എടുത്ത വാഹനങ്ങളില്‍ കാര്യമായ യാതോരു പണികളും നിലവില്‍ ചെയ്യുന്നില്ല. പഴയ വാഹനങ്ങളുടെ ഉടമസ്ഥരും അറ്റകുറ്റപണികള്‍ ചെയ്യിക്കാന്‍ മടിയ്ക്കുകയാണ്. പല വര്‍ക് ഷോപ്പ് ഉടമകളും തൊഴിലാളികളെ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.
കേന്ദ്രത്തിന്‍റെ പഴയ വാഹനം പൊളിയ്ക്കല്‍ നയം വലിയൊരു തൊഴില്‍ മേഖലയെയാണ് ഇല്ലാതാക്കുന്നത്. ബാങ്ക് വായ്‌പ എടുത്തും കടം വാങ്ങിയും ലേലം പിടിച്ചവര്‍ കടക്കെണിയിലേയ്ക്ക് നീങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Also read: കേന്ദ്രത്തിന്‍റെ പഴയ വാഹനം പൊളിക്കൽ നയം ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ