ഇടുക്കി: കാനഡയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിൽ കട്ടപ്പന വള്ളക്കടവ് സ്വദേശിനി സിനി ജോര്‍ജിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുക്കാൻ കോടതി ഉത്തരവ്. കട്ടപ്പന വള്ളക്കടവ് സ്വദേശിനി സിനി ജോര്‍ജിനെതിരെ കേസെടുക്കുന്നതിനാണ് അടിമാലി കോടതി രാജാക്കാട് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. രാജാക്കാട് പന്നിയാര്‍കുട്ടി നിവാസികളായ ചുനയമ്മാക്കല്‍ ജിയോ കുര്യന്‍, ചിറ്റേഴത്ത് പ്രശാന്ത്, ബിൻ്റു സിബി എന്നിവര്‍ക്ക് കാനഡയില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഒന്‍പത് ലക്ഷത്തി എണ്‍പതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് സിനി ജോര്‍ജ് എന്ന അന്നാമ്മ ജോര്‍ജിനെതിരെ കേസെടുക്കുന്നതിന് അടിമാലി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ടി കെ അനിരുദ്ധന്‍ ഉത്തരവിട്ടത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതി നിലവില്‍ ഒളിവിൽ ആണെന്നും അന്വേഷണ ചുമതലയുള്ള രാജാക്കാട് എസ് ഐ പി ഡി അനൂപ് മോന്‍ പറഞ്ഞു. പ്രതി പറഞ്ഞതനുസരിച്ച് പരാതിക്കാര്‍ കാനഡയിലേക്ക് പോകുന്നതിന് ദോഹയില്‍ ഒരു മാസത്തോളം താമസിച്ചിരുന്നു. എന്നാൽ വ്യാജ വിസയെ തുടർന്ന് മടങ്ങി വരികയായിരുന്നു.തുടർന്ന് അഡ്വ. റെജി മാത്യു പുതുശ്ശേരി മുഖേന കോടതിയില്‍ പരാതി നല്‍കി. പ്രതി ഇടുക്കി ജില്ലയിലെ 66 ഓളം ആളുകളെ സമാന രീതില്‍ വഞ്ചിച്ച് കോടി കണക്കിന് രൂപ തട്ടിയതായും പരാതിയുണ്ട്.