ഇടുക്കി: ഇടുക്കിയുടെ ആരോഗ്യമേഖലക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് മൂന്നാര്‍ ചിത്തിരപുരത്ത് പുതിയ സര്‍ക്കാര്‍ ആശുപത്രിക്ക് അനുമതി. ചിത്തിരപുരം പബ്ലിക് ഹെല്‍ത്ത് സെന്‍ററിന് സമീപത്തായി ആശുപത്രി നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയാണ് നിര്‍മ്മിക്കുക. എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭിക്കും വിധമായിരിക്കും പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനം ക്രമീകരിക്കുക.
53.34 കോടി രൂപയാണ് പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 35 കോടി നിര്‍മ്മാണ ജോലികള്‍ക്കും ശേഷിക്കുന്ന തുക ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും ചിലവഴിക്കും. മുന്നൂറ് കിടക്കകളോട് കൂടിയ ആശുപത്രിയായിരിക്കും നിര്‍മ്മിക്കുക. പുതിയ ആശുപത്രി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതായും തുടര്‍ ജോലികള്‍ നടന്ന് വരികയാണെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.
നിലവില്‍ ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ ആശ്രയിച്ച് വരുന്നത് അടിമാലി താലൂക്ക് ആശുപത്രിയെയാണ്. ഇതിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പുതിയ ആശുപത്രിയില്‍ ഒരുക്കുമെന്നാണ് സൂചന. ആദിവാസി വിഭാഗങ്ങളുടെയും തോട്ടം തൊഴിലാളികളുടെയും ആരോഗ്യ പരിപാലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ആശുപത്രിക്കായി അനുമതി നല്‍കിയിട്ടുള്ളത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്ക് പുതിയ ആശുപത്രി ഏറെ പ്രയോജനം ചെയ്യും.