ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ എസ്‌പി കെ.ബി വേണുഗോപാലിന്‍റെ നുണ പരിശോധന തുടങ്ങി. കൊച്ചി സിബിഐ ഓഫിസിലാണ് പരിശോധന. കേസിൽ അറസ്റ്റിലായ പൊലീസുദ്യോഗസ്ഥർ എസ്‌പിക്കും ഡിവൈഎസ്‌പിമാര്‍ക്കും എതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്‌കുമാറിന് നേരെയുണ്ടായ മര്‍ദനത്തെ കുറിച്ച് അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ബി വേണുഗോപാലിനും കട്ടപ്പന ഡിവൈഎസ്‌പി പി.പി ഷംസുവിനും, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി അബ്ദുള്‍ സലാമിനും അറിവുണ്ടായിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയത്.
അതേസമയം രാജ്‌കുമാര്‍ കസ്റ്റഡിയിലുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മുൻ എസ്‌പി വ്യക്തമാക്കിയത്. ഈയൊരു സാഹചര്യത്തിലാണ് സിബിഐ നുണ പരിശോധന നടത്തുന്നത്. വേണുഗോപാലിന്‍റെ നിര്‍ദേശപ്രകാരമാണ് രാജ്‌കുമാറിനെ മര്‍ദിച്ചതെന്ന വിവരങ്ങളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. പി.പി ഷംസു, അബ്ദുള്‍ സലാം എന്നിവരെ ഇന്നലെ നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്‌കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്.