ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മൂന്നു പൊലീസുകാർ കൂടി അറസ്റ്റിൽ. എഎസ്ഐ റോയി പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ എം ജെയിംസ് എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്ന പൊലീസുകാരുടെ എണ്ണം ഏഴായി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി എ എം സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്‌കുമാറിനെ കസ്റ്റഡിയിൽ വെച്ച് മർദിച്ചവരോടൊപ്പം ഇവരും ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആദ്യം പ്രതിപ്പട്ടികയിൽ നാല് പ്രതികൾ മാത്രമായിരുന്നെങ്കിലും പിന്നീട് കൂടുതൽ പേർ രാജ്കുമാറിനെ മർദിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതി പട്ടിക ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചത്. കഴിഞ്ഞ എട്ടാം തിയതി കേസിലെ രണ്ടും, മൂന്നും പ്രതികളായ എഎസ്ഐ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ എസ്ഐ കെ എ സാബു, സിപിഒ സജീവ് ആൻറണി എന്നിവരുടെ ജാമ്യാപേക്ഷയിൽ തൊടുപുഴ ജില്ലാ സെക്ഷൻസ് കോടതി നാളെ വിധി പറയും. മുമ്പ് പീരുമേട് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.