ഇടുക്കി: ദേശീയ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് മുരിക്കാശേരിയില്‍ പ്രൗഢഗംഭീര തുടക്കം. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യം കായിക രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കുകയാണെന്നും, ഇടുക്കി കായിക ലോകത്ത് പുതിയ തലങ്ങൾ കീഴടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 482 പുരുഷൻമാരും 208 വനിതകളും ഉൾപ്പെടെ 690 കായിക താരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇടുക്കിയിൽ എത്തിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്ന മഹാരാഷ്ട്രയിൽ നിന്നും 80 താരങ്ങളുണ്ട്. കേരളത്തിൽ നിന്ന് 78 താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. ഈ മാസം 30ന് ചാമ്പ്യൻഷിപ്പ് സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ ഇടുക്കി എം.പി ഡീൻ കുര്യക്കോസ്, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.