ഇടുക്കി: മൂന്നാറില്‍ തെരുവ് നായ്ക്കള്‍ പെരുകുന്നത് തടയാൻ പദ്ധതിയുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. വലിയ തോതില്‍ തെരുവ് നായ്ക്കള്‍ പെരുകുകയും പകല്‍ സമയങ്ങളില്‍ പോലും വിനോദ സഞ്ചാരികളടക്കമുള്ള ആളുകള്‍ക്കു നേരെ തെരുവ് നായ് അക്രമണമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി പഞ്ചായത്ത് തന്നെ രംഗത്തെത്തിയത്. ടൗണിലൂടെ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുക എന്നതാണ് പദ്ധതി.
പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപ വകയിരുത്തിയതായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡൻ്റ് ആര്‍ കറുപ്പ് സ്വാമി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി 25ഓളം നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനയച്ചിട്ടുണ്ട്. ഇടുക്കിയില്‍ എത്തിച്ചാണ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നത്. വന്ധ്യംകരണം നടത്തിയതിനു ശേഷം നായ്ക്കളെ പിടികൂടിയിടത്ത് തന്നെ തുറന്നു വിടും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.