ഇടുക്കി: മൂന്നാറിലെ സ്പെഷ്യല്‍ റവന്യൂ ഓഫിസിന് ഞായറാഴ്‌ച അജ്ഞാതര്‍ വേറെ പൂട്ടിട്ടു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനും അനധിക്യത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനുമായി ഇക്കാനഗറില്‍ 2018ൽ ആരംഭിച്ച ഓഫീസിനാണ് വേറെ പൂട്ടിട്ടത്. വ്യാഴാഴ്‌ച തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിയ തക്കത്തിനാണ് സംഭവം. ഉണ്ടായിരുന്ന പൂട്ട് തകര്‍ത്ത് പുതിയത് ഇടുകയായിരുന്നു. ഓഫിസിന്‍റെ രണ്ട് ബോര്‍ഡുകള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. സംഭവത്തില്‍ ദേവികുളം സബ് കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍റെ നിര്‍ദേശപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സ്പെഷ്യല്‍ റവന്യൂ ഓഫിസ് ദേവികുളത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഫയലുകൾ പൂർണമായി മാറ്റാത്തതിനാൽ മൂന്നാറിലെ ഓഫിസും ഭാഗികമായി പ്രവർത്തിച്ച് വരികയായിരുന്നു. 2008ൽ ആണ് റവന്യൂ ഓഫീസ് പ്രവര്‍ത്തിച്ച ഭൂമി സർക്കാർ ഏറ്റെടുക്കുന്നത്. പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയതോടെ സ്വകാര്യ വ്യക്തിയിൽ നിന്നാണ് 50 സെന്‍റ് ഭൂമിയും കെട്ടിടവും സർക്കാർ തിരിച്ചുപിടിക്കുകയായിരുന്നു.